31,499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളാകും, സംസ്ഥാനത്ത് പട്ടയമേള ഇന്ന്

31,499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളാകും, സംസ്ഥാനത്ത് പട്ടയമേള ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച നടക്കുന്ന പട്ടയമേളയില്‍ 31,499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളാകും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിര്‍വഹിക്കും. വൈകീട്ട് മൂന്നിന് തേക്കിന്‍കാട് വിദ്യാര്‍ഥി കോര്‍ണറിലാണ് ഉദ്ഘാടനം.

മുഴുവന്‍ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാര്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് ആര്യനാട് വി കെ ഓഡിറ്റോറിയം, കൊല്ലത്ത് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാള്‍, ആലപ്പുഴയില്‍ എസ്ഡിവി സെന്റിനറി ഹാള്‍, കോട്ടയത്ത് കെപിഎസ് മേനോന്‍ ഹാള്‍, ഇടുക്കിയില്‍ ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാള്‍, എറണാകുളത്ത് ഏലൂര്‍ മുനിസിപ്പല്‍ ഹാള്‍, പാലക്കാട് മേഴ്സി കോളേജ് ഓഡിറ്റോറിയം, മലപ്പുറത്ത് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍, കോഴിക്കോട് കോവൂര്‍ പി കൃഷ്ണപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയം, വയനാട് കല്‍പ്പറ്റ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ജൂബിലി ഹാള്‍, കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ എച്ച്എസ്എസ്, കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലാണ് പട്ടയമേളകള്‍ നടക്കുന്നത്.

പാറയ്ക്കൽ  വായനസംഘം മാതൃഭാഷാദിനാചരണം സംഘടിപ്പിച്ചു

പാറയ്ക്കൽ വായനസംഘം മാതൃഭാഷാദിനാചരണം സംഘടിപ്പിച്ചു

വെഞ്ഞാറമൂട് പാറയ്ക്കൽ ഗവൺമെൻറ് യു.പി.എസിൽ, പാറയ്ക്കൽ
വായനസംഘം മാതൃഭാഷാദിനാചരണവും 100 മത് പുസ്തക വായന അവതരണവും സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് അജിത് സിംഗ് അധ്യക്ഷനായി.

ചടങ്ങിൽ കണിയാപുരം ബി.പി.ഒ.ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, മാഗസിൻ പ്രകാശനം നിർവഹിച്ചു. എഴുത്തുകാൻ മനു ആലിയാട് ആശംസാ പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു സ്വാഗതവും അദ്ധ്യാപിക സൗമ്യ ചന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ രംഗങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികൾ തയ്യാറാക്കി അച്ചടിച്ച മാഗസിൻ, കൈയ്യെഴുത്ത് മാസിക എന്നിവയുടെ പ്രകാശനവും നടന്നു.

പശ്ചിമതീര കനാൽ വികസനം: 325 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമായി

പശ്ചിമതീര കനാൽ വികസനം: 325 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമായി

തിരുവനന്തപുരം: പശ്ചിമ കനാൽ വികസന പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ സാമൂഹിക സാമ്പത്തിക, വ്യവസായ രംഗങ്ങളിൽ വലിയ പുരോഗതി സംസ്ഥാനത്തിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

പശ്ചിമതീര കനാൽ വികസനത്തിനായി 325 കോടി രൂപ ചെലവിട്ട് നടത്തുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരം കരിക്കകത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലപാത വികസനം അടക്കമുള്ള പദ്ധതികളോട് സഹകരിച്ച ജനങ്ങളോട് സംസ്ഥാന സർക്കാർ നന്ദി പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോവളം ബേക്കൽ ജലപാതാ വികസനത്തിൽ കേരള സർക്കാർ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. 21 കോടി രൂപ ചെലവിട്ട് നിർമിച്ച കരിക്കകം സ്റ്റീൽ ലിഫ്റ്റിംഗ് ബ്രിഡ്ജ്, കോഴിക്കോട് വടകര മാഹി കനാലിനു കുറുകെ നിർമിച്ച വെങ്ങോളി പാലം, കഠിനംകുളം-വർക്കല റീച്ചിനിടയിൽ നിർമിച്ച 4 ബോട്ട് ജെട്ടികൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനവും, 120 കോടി രൂപ ചെലവിൽ വർക്കല, കഠിനംകുളം, വടകര എന്നിവിടങ്ങളിലെ കനാൽ ഡ്രഡ്ജിങ് ജോലികൾ, 23 കോടി രൂപ ചെലവിൽ അരിവാളം-തൊട്ടിൽപാലം കനാൽ തീര സൗന്ദര്യവത്ക്കരണം, ചിലക്കൂർ ടണലിൽ ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കുന്നത്. അതോടൊപ്പം, 247 കോടി രൂപ ചെലവിട്ട്, കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) സമഗ്രമായി നടപ്പിലാക്കി വരുന്ന വർക്കല, കഠിനംകുളം, തിരുവനന്തപുരം മേഖലകളിലെ പുനരധിവാസ പദ്ധതിയുടെ അടുത്ത ഘട്ടത്തിനും തുടക്കമാകുകയാണ്.

ആക്കുളം ചേറ്റുവ ജലപാത ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ പ്രസ്തുത പദ്ധതികളെ എതിർത്തവർ പോലും നിലവിൽ സ്വാഗതം ചെയ്യുന്ന സ്ഥിതി ഉണ്ടായി. കേരളത്തിലെ 11 ജില്ലകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് പശ്ചിമതീര വികസനം സാധ്യമാകുന്നത്. ഇത് വിനോദസഞ്ചാരം, ചരക്കുനീക്കം, പൊതു ഗതാഗതം എന്നിവയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. വിവിധ വകുപ്പുകളുടെയും കിഫ്ബിയുടെയും സഹകരണത്തോടുകൂടെയാണ് നിലവിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നത്. ‘കാര്യക്ഷമതയോടെ ഇത്തരം പദ്ധതികളെ നയിക്കുന്നതിനും പൂർത്തീകരിക്കുന്നതിനുമായാണ് സംസ്ഥാന സർക്കാർ കേരള വാട്ടർവേയ്സ് ആൻറ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി രൂപീകരിച്ചത്.

പദ്ധതിയുടെ ഭാഗമായി വർക്കല, കഠിനംകുളം മേഖലയിൽ 516 കുടുംബങ്ങൾക്ക് പുനരധിവാസപാക്കേജ് ലഭ്യമാക്കി. 86 കോടി രൂപയാണ് ജനങ്ങൾക്ക് നൽകിയത്. കേരളത്തിലെ വിനോദസഞ്ചാര മേഖലയിലും കായലുകളുടെയും കനാലുകളുടെയും കാര്യക്ഷമമായ ഉപയോഗം മാറ്റം സൃഷ്ടിക്കും. താരതമ്യേന വേഗതയുള്ള യാനങ്ങൾ ഉപയോഗിച്ച് പൊതുഗതാഗത സംവിധാനവും ചരക്കു നീക്കവും കൂടുതൽ വേഗത്തിൽ ആക്കുവാൻ കഴിയും.

മൂന്നു മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന വാട്ടർ ക്രൂയിസ് പദ്ധതി മികച്ച ആശയമാണ്. നിലവിൽ മലബാർ റിവർ ക്രൂയിസ് പദ്ധതി വലിയ തോതിൽ വിനോദസഞ്ചാരികൾ സ്വീകരിച്ച് കഴിഞ്ഞു. ബാർജുകൾ ഉപയോഗിച്ച് രാസവസ്തുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ചരക്കുനീക്കം നടത്തുവാനും നിരത്തിലെ തിരക്ക് ഒരു പരിധിവരെ ഒഴിവാക്കാനും കഴിയും. കൊച്ചിൻ റിഫൈനറി, കെ.എം.എം.എൽ തുടങ്ങിയ സ്ഥാപനങ്ങൾ പശ്ചിമ തീരത്തിന്റെ പാർശ്വങ്ങളിൽ നിലനിൽക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ നമുക്ക് കൂടുതൽ സാധ്യതകൾ നൽകുന്നു.

ഇതോടൊപ്പം പ്രാദേശിക ഉൽപ്പന്നങ്ങളും നാടൻ ഭക്ഷണങ്ങളും നൽകിക്കൊണ്ട് സംസ്ഥാനത്തെ ഉൾനാടൻ ടൂറിസത്തെ അടക്കം കൂടുതൽ പരിപോഷിപ്പിക്കുന്നതിനും പുതിയ തൊഴിൽ വരുമാന സാധ്യതകൾ സൃഷ്ടിക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ വിശിഷ്ടാതിഥിയായി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എ മാരായ ആന്റണി രാജു, വി.ജോയി, ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് സെക്രട്ടറി അശോക് കുമാർ സിങ്, സിയാൽ എം.ഡി എസ്.സുഹാസ് എന്നിവർക്കൊപ്പം മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

കോസ്റ്റൽ ഷിപ്പിങ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്, കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, കിഫ്ബി, കേരള വാട്ടർവേയ്സ് ആൻറ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്, ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവ സംയുക്തമായാണ് പദ്ധതി നിർവഹണം നടത്തുന്നത്.

ഫിയോകിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ഫെഫ്ക

ഫിയോകിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ഫെഫ്ക

ഫെബ്രുവരി 23 മുതൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രഖ്യാപനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ഫെഫ്ക. മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോടും മാതൃഭാഷാ സ്‌നേഹികളോടും പൊതുസമൂഹത്തോടും കാണിക്കുന്ന അവഹേളനമാണിതെന്നും ഫെഫ്ക പറഞ്ഞു. നിലപാട് പുനഃപരിശോധിക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു

ഫിയോകിന്റെ തീരുമാനത്തെ എതിർത്ത് നേരത്തെ നിർമാതാക്കളും വിതരണക്കാരും രംഗത്തുവന്നിരുന്നു. പെബ്രുവരി 22ന് തീയറ്ററുകളിൽ എത്തേണ്ട മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെയും തുടർന്നെത്തുന്ന മറ്റ് മലയാള ചിത്രങ്ങളുടെയും റിലീസ് തടസപ്പെടില്ലെന്ന് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും അറിയിച്ചിരുന്നു

സിംഗിൾ സ്‌ക്രീൻ തീയറ്ററുകൾ നേരിടുന്ന വലിയ പ്രതിസന്ധിയാണെന്ന് പറഞ്ഞാണ് ഫിയോകിന്റെ സമരപ്രഖ്യാപനം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻറെ പേരിൽ കണ്ടന്റ് മാസ്റ്ററിംഗ് യൂണിറ്റും അനുബന്ധ ചട്ടങ്ങളും ബാധ്യതയാവുകയാണ്. ഏത് പ്രൊജക്റ്റർ വേണമെന്നത് തീരുമാനിക്കേണ്ടത് അതത് തിയറ്റർ ഉടമകളാണ്. പ്രൊജക്റ്ററിൻറെ വില ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. 42 ദിവസം തിയറ്റർ പ്രദർശനം കഴിഞ്ഞിട്ടേ സിനിമകൾ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്ന നിബന്ധന ലംഘിക്കപ്പെടുകയാണെന്നും ഫിയോക് പറഞ്ഞിരുന്നു.

മിസിസ് ഇന്ത്യ: അവസാന റൗണ്ടില്‍ ഇടംനേടി കൊച്ചി സ്വദേശി നിമ്മി

മിസിസ് ഇന്ത്യ: അവസാന റൗണ്ടില്‍ ഇടംനേടി കൊച്ചി സ്വദേശി നിമ്മി

കൊച്ചി: ആഗോളതലത്തില്‍ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. വിദേശത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇന്റഗ്രേറ്റര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നിമ്മി മിസിസ് ഇന്ത്യ മത്സര രംഗത്തേക്ക് എത്തിയത്. ചെറായി സുഗേഷ് ബാബു- ഷീല ബാബു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നിമ്മി.

കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരിലുള്ള ബോഡി ഷെയിമിങ് നേരിട്ട നിമ്മിയുടെ പ്രധാന വെല്ലുവിളി ആത്മവിശ്വാസത്തോടെ സമൂഹത്തില്‍ ജീവിക്കുകയെന്നതായിരുന്നു. ഇത്തരം പരിഹാസങ്ങളെ അതിജീവിച്ചുകൊണ്ട് ഇഷ്ടമേഖലയില്‍ മികവ് പുലര്‍ത്താന്‍ തനിക്കു സാധിച്ചതുപോലെ സമാന വെല്ലുവിളി നേരിടുന്ന യുവതലമുറയ്ക്ക് മാതൃകയായി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് നിമ്മി പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഓയില്‍ വ്യവസായ മേഖലയില്‍ കാര്‍ബണ്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന നിമ്മി സമൂഹത്തിന് ഏറെ ഗുണകരമായ കാര്‍ബണ്‍ തോത് കുറഞ്ഞ ഇന്ധനം വികസിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചുകൊണ്ട് ഹരിത ഭൂമി സൃഷ്ടിക്കുകയും തന്റെ ലക്ഷ്യമാണെന്ന് നിമ്മി വ്യക്തമാക്കി. മെയ് ആദ്യ വാരം ദുബായ് ഹിൽട്ടൻ അൽ സീഫ് ഹെറിറ്റേജ് ഹോട്ടലിലാണ് മിസിസ് ഇന്ത്യ ഫൈനൽ നടക്കുക.

അനുസ്മരണ യോഗം സംഘടിപ്പിച്ചു

അനുസ്മരണ യോഗം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കോയുടെ സ്ഥാപക പ്രസിഡൻ് അന്തരിച്ച വി. സദാശിവൻപിള്ളയെ അനുസ്മരിച്ച് ആറ്റിങ്ങൽ ഇന്ദിരാജി സ്കൊയറിൽ അനുശോചനയോഗം ചേർന്നു. ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. എക്കോ വർക്കിംഗ് പ്രസിഡൻ്റ് കെ. അനന്തൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എൻ.സാബു, പി. ജയചന്ദ്രൻ നായർ, കെ. മാധവൻ പിള്ള എന്നിവർ അനുസ്മരിച്ചു.