വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് പരസ്പരം കൈമാറി; അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ

വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് പരസ്പരം കൈമാറി; അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ

ആലപ്പുഴ: ഐടിഐ വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തിൽ ചെങ്ങന്നൂരിൽ അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ. ഹോർട്ടികൾചർ ഒന്നാം വർഷ വിദ്യാർത്ഥികളായ കോഴഞ്ചേരി സ്വദേശി നന്ദു (20), പെണ്ണുക്കര സ്വദേശി ആദർശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമൽ രഘു (19), നെടുമുടി സ്വദേശി അജിത്ത് പ്രസാദ് (18), കൈനകരി സ്വദേശി അതുൽ ഷാബു (19) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നു ഫോട്ടോ എടുത്ത് ഒന്നാം പ്രതി നന്ദു ഇന്റർനെറ്റിൽനിന്ന് എടുത്ത നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് രണ്ടാം പ്രതിക്ക് സമൂഹമാധ്യമം വഴി കൈമാറുകയായിരുന്നു. തുടർന്ന് മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് അറിഞ്ഞ പെൺകുട്ടി ഐടിഐ പ്രിൻസിപ്പൽ മുഖാന്തരം പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം; എണ്ണവിലയില്‍ റാലി, ഒറ്റയടിക്ക് കുതിച്ചത് നാലുശതമാനം

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം; എണ്ണവിലയില്‍ റാലി, ഒറ്റയടിക്ക് കുതിച്ചത് നാലുശതമാനം

ന്യൂഡല്‍ഹി: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇറാനില്‍ മിസൈല്‍ ആക്രമണം നടത്തി ഇസ്രയേല്‍ തിരിച്ചടിച്ചതിന് പിന്നാലെ ഒറ്റയടിക്ക് ക്രൂഡ് വില നാലുശതമാനമാണ് ഉയര്‍ന്നത്.

ഒരു ഘട്ടത്തില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളറിന് മുകളില്‍ എത്തി. നിലവില്‍ 90ന് തൊട്ടുതാഴെയാണ് വ്യാപാരം നടക്കുന്നത്. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന്റെ വിലയില്‍ 4.06 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 86 ഡോളര്‍ കടന്നാണ് വില കുതിച്ചത്.

92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്തു, സിപിഎം നേതാവിനെതിരെ കള്ളവോട്ട് പരാതി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്തു, സിപിഎം നേതാവിനെതിരെ കള്ളവോട്ട് പരാതി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി. വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശ്ശേരി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഗണേഷൻ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തിട്ടുമുണ്ട്. നിയമ വിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തെരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനൽ നടപടികൾ എടുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണർ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്തിട്ടുമുണ്ട്.

തൃശൂർ പൂരം: ഇന്നും നാളെയും പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്

തൃശൂർ പൂരം: ഇന്നും നാളെയും പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്

തൃശൂര്‍: തൃശൂര്‍ പൂരം പ്രമാണിച്ച് പരശുറാം എക്‌സ്പ്രസിനും (16649/16650) എറണാകുളം – കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്‌സ് പ്രസിനും (16305/16306) പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഇന്നും നാളെയുമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

പൂരം ദിവസമായ വെള്ളിയാഴ്ച വൈകീട്ട് മുതല്‍ പിറ്റേന്ന് രാവിലെ വരെ തൃശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിയ്ക്കുന്നതാണ്.സ്റ്റേഷനുകളിലേയ്ക്ക് വരുന്ന വഴികളില്‍ കൂടുതല്‍ വെളിച്ചവും പ്ലാറ്റുഫോമുകളില്‍ ആവശ്യത്തിന് കുടിവെള്ള സൗകര്യവും ഒരുക്കും. യാത്രികരുടെ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ്, ആര്‍പിഎഫ് സേനാംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരെയും വിന്യസിയ്ക്കുന്നതാണ്.

കള്ളനെന്നു മുദ്രകുത്തി ജയിലിലടച്ചു, കോടതി മോചിപ്പിച്ചു; ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

കള്ളനെന്നു മുദ്രകുത്തി ജയിലിലടച്ചു, കോടതി മോചിപ്പിച്ചു; ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

കൊല്ലം: കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലിടച്ച യുവാവ് കുറ്റ വിമുക്തനായതിനു പിന്നാലെ ജീവനൊടുക്കി. മോഷണക്കേസിൽ അറസ്റ്റിലായി വർഷങ്ങൾക്ക് ശേഷം കോടതി മോചിപ്പിച്ച അഞ്ചൽ അ​ഗസ്ത്യക്കോട് രതീഷ് ഭവനിൽ രതീഷ് (38) ആണ് മരിച്ചത്. കേസിലെ യഥാർഥ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് രതീഷിനെ കോടതി കുറ്റ വിമുക്തനാക്കിയത്.

പൊലീസിന്റെ ശാരീരിക പീഡനത്തിൽ ആരോ​ഗ്യവും കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായത് രതീഷിനു താങ്ങാൻ ആയില്ലെന്നു ബന്ധുക്കൾ പറയുന്നു. രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കൾ: കാർത്തിക, വൈ​ഗ. സംസ്കാരം നടത്തി.

അഞ്ചൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ പൊലീസ് വേട്ടയാടിയതു 2014 സെപ്റ്റംബറിലാണ്. ടൗണിലെ മെഡിക്കൽ സ്റ്റോറിൽ കവർച്ച ചെയ്തെന്നരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടിയ മർദ്ദനം ഏറ്റ് രതീഷ് കസ്റ്റഡിയിൽ തളർന്നു വീണതായി അന്നു വിവരം പുറത്തു വന്നിരുന്നു. കോടതി റിമാൻഡ് ചെയ്ത രതീഷിനു മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നു.