അപകീര്‍ത്തിപ്പെടുത്തിയെന്ന കലാമണ്ഡലം സത്യഭാമയുടെ പരാതി; തെളിവില്ലെന്ന് ഹൈക്കോടതി, കേസ് റദ്ദാക്കി

Jul 19, 2025

കൊച്ചി: നര്‍ത്തകരായ ആര്‍ എല്‍ വി രാമകൃഷ്ണന്‍, യു ഉല്ലാസ്, എന്നിവര്‍ക്കെതിരെ നൃത്തധ്യാപിക കലാമണ്ഡലം സത്യഭാമ നല്‍കിയ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ സ്വകാര്യ അന്യായത്തെത്തുടര്‍ന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെടുത്ത കേസിലെ തുടര്‍ നടപടികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണനും ഉല്ലാസും നല്‍കിയ ഹര്‍ജി അനുവദിച്ചാണ് നടപടി.

താനുമായുള്ള ഫോണ്‍ സംഭാഷണം റെക്കോര്‍ഡു ചെയ്ത ഹര്‍ജിക്കാര്‍ സമൂഹമാധ്യമങ്ങളില്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണത്തിന് നല്‍കുകയും ചെയ്‌തെന്നാണ് സത്യഭാമയുടെ പരാതി. എന്നാല്‍ അപകീര്‍ത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പ്രസിദ്ധീകരണത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടില്ലെന്നത് കോടതി കണക്കിലെടുത്തു. തെളിവുകളുടെ അഭാവത്തില്‍ കേസ് നിലനില്‍ക്കില്ലെന്നത് കോടതി കണക്കിലെടുത്തു. തെളിവുകളുടെ അഭാവത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.

2018 ജനുവരിയില്‍ അബുദാബി മലയാളി അസോസിയേഷന്‍ നടത്തിയ നൃത്ത മത്സരത്തില്‍ സത്യഭാമ വിധികര്‍ത്താവായിരുന്നു. രാമകൃഷ്ണന്‍ പരിശീലിപ്പിച്ച നര്‍ത്തകര്‍ പിന്തള്ളപ്പെട്ടു. ഇത് ബോധപൂര്‍വമാണെന്ന് കരുതിയ ഹര്‍ജിക്കാരന്‍ സത്യഭാമയെ ഫോണില്‍ ബന്ധപ്പെട്ട് തീരുമാനമത്തില്‍ സംശയം ഉന്നയിച്ചു ചോദ്യം ചെയ്തു. മത്സരാര്‍ഥികളുടെ മുദ്രകള്‍ പലതും തെറ്റായിരുന്നുവെന്നും അനുഭവ പരിചയമുള്ള നൃത്തധ്യാപകര്‍ക്ക് പോലും പിശക് പറ്റാറുണ്ടെന്നും സത്യഭാമ വിശദീകരിച്ചു. ഇത് രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ശേഷം നൃത്ത ഗുരുക്കന്‍മാര്‍ക്കെതിരായ പരാമര്‍ശമെന്ന നിലയില്‍ ഹര്‍ജിക്കാര്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.

LATEST NEWS