‘ചര്‍ച്ചയില്‍ നിമിഷപ്രിയയുടെ കുടുംബാംഗങ്ങള്‍ മാത്രം മതി, മറ്റുള്ളവരുടെ ഇടപെടല്‍ ഫലം ചെയ്യില്ല’; കേന്ദ്രം സുപ്രീംകോടതിയില്‍

Jul 19, 2025

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ന്‌ഴ്‌സ് നിമിഷ പ്രിയയുടെ കുടുംബാംഗങ്ങള്‍ മാത്രം കൊല്ലപ്പെട്ട തലാലിന്‍റെ ബന്ധുക്കളുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പുറത്തു നിന്നുള്ള മറ്റേതൊരു സംഘടനയുടെയും ഇടപെടല്‍ ഫലം ചെയ്യുമെന്നു കരുതുന്നില്ലന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീംകോടതിയില്‍ പറഞ്ഞു.

‘കുടുംബം മാത്രം ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാണ് നല്ലത്. മറ്റാരെങ്കിലും അതില്‍ പങ്കെടുക്കുന്നത് ഫലം നല്‍കാനിടയില്ല- ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അധ്യക്ഷരായ സുപ്രീം കോടതി ബെഞ്ചിനോട് വെങ്കട്ടരമണി പറഞ്ഞു. സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, പുറത്തുനിന്നുള്ളവര്‍ക്ക് ഈ വിഷയത്തില്‍ ഇടപെടുക എളുപ്പമല്ലെന്ന് എജി പറഞ്ഞു.

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചിരിക്കുകയാണെന്നും വിഷയത്തില്‍ ‘ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും’ എജി സുപ്രീംകോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചിരിക്കുകയാണെന്നും വിഷയത്തില്‍ ‘ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും’ എജി സുപ്രീംകോടതിയെ അറിയിച്ചു.

ഒരു സംഘടനയെ ഇടപെടാന്‍ അനുവദിച്ചാല്‍, സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ആഖ്യാനമുണ്ടാകാന്‍ എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നല്ല ഉദ്ദേശ്യത്തോടെ ഒരു സംഘടന ഇടപെടുന്നതില്‍ പ്രശ്നമൊന്നുമില്ല. എന്നാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എന്ന മട്ടില്‍ വാര്‍ത്തയാവുകയാണ്. സര്‍ക്കാര്‍ എല്ലാ രീതിയിലും ശ്രമിക്കുകയാണ്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്തത് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ കഴിയുമോ എന്നറിയില്ല, അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് ആണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരായത്. യെമനിലേയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ അനുമതി വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ തലാലിന്റെ കുടുംബം മാപ്പ് നല്‍കുകയാണ് വേണ്ടതെന്നും രണ്ടാമതാണ് ബ്ലഡ് മണിയെക്കുറിച്ച് ചിന്തിക്കേണ്ടതെന്നും ബസന്ത് കോടതിയില്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ യെമനിലേയ്ക്ക് ഇന്ത്യയില്‍ നിന്നും യാത്രാവിലക്കുണ്ട്. ഈ സാഹചര്യം ചൂണ്ടിക്കാട്ടി തലാലിന്റെ കുടുംബത്തെ കാണാന്‍ പ്രത്യേക അനുമതി നല്‍കാനും ഒരു പ്രതിനിധി സംഘത്തിന്റെ യാത്രയ്ക്ക് ക്രമീകരണം ചെയ്യാനും ബസന്ത് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.

വധശിക്ഷ മാറ്റിവയ്ക്കുന്നതില്‍ ഇടപെടല്‍ നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെക്കുറിച്ചും ബസന്ത് കോടതിയില്‍ പരാമര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള വളരെ ആദരണീയനായ ഒരു മതപണ്ഡിതനും വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് ബസന്ത് കോടതിയില്‍ പറഞ്ഞു.

LATEST NEWS