മുന്നിൽ ഇം​ഗ്ലീഷ് ബാറ്റിങ് പട, ഇന്ത്യൻ ബൗളർമാർക്ക് പരീക്ഷണം; ആദ്യ സന്നാഹം ഇന്ന്

മുന്നിൽ ഇം​ഗ്ലീഷ് ബാറ്റിങ് പട, ഇന്ത്യൻ ബൗളർമാർക്ക് പരീക്ഷണം; ആദ്യ സന്നാഹം ഇന്ന്

ഗുവാഹത്തി: ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായുള്ള ആദ്യ സന്നാഹ മത്സരത്തിനു ഇന്ത്യ ഇന്നിറങ്ങും. ഇംഗ്ലണ്ടാണ് എതിരാളികള്‍. ഗുവാഹത്തിയില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് പോരാട്ടം. മത്സരത്തിനു ഔദ്യോഗിക പരിവേഷമില്ല. അതിനാല്‍ തന്നെ ടീമിലെ 15 പേരെയും സാഹചര്യമനുസരിച്ച് കളിപ്പിക്കാന്‍ ടീമുകള്‍ക്ക് സാഹചര്യമുണ്ട്. അതിനാല്‍ തന്നെ ടീം കരുത്തു പരീക്ഷിക്കാനുള്ള അവസരമാണ് ടീമുകള്‍ക്ക് മത്സരം.

ഇന്ത്യയെ സംബന്ധിച്ചു ബാറ്റിങില്‍ വലിയ വേവലാതികള്‍ നിലവിലെ അവസ്ഥയില്‍ ഇല്ല. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തില്‍ ബാറ്റിങ് നിര മികവു പുലര്‍ത്തിയിരുന്നു. ബൗളിങ് മൂര്‍ച്ചയാണ് ഇന്ത്യക്ക് പരീക്ഷിക്കാനുള്ളത്. ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരക്കെതിരെ ബൗള്‍ ചെയ്യാനുള്ള അവസരം സന്നാഹത്തില്‍ ലഭിക്കുന്നതു ഇന്ത്യയെ സംബന്ധിച്ചു നേട്ടമാണ്. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ് മാലന്‍, ലിയാം ലിവിങ്‌സ്റ്റന്‍ അടക്കമുള്ള താരങ്ങളെല്ലാം സമീപ കാലത്തു മിന്നും ഫോമില്‍ കളിക്കുന്നുണ്ട്.

ഇംഗ്ലണ്ടിനു കരുത്തുറ്റ ബാറ്റിങ് നിരയെ എപ്രകാരം ലോകകപ്പ് പോരില്‍ ഇറക്കണമെന്നു തീരുമാനിക്കാനുള്ള അവസരമാണ്. ഒന്‍പതാം സ്ഥാനത്ത് ഇറങ്ങുന്ന താരം വരെ ഇംഗ്ലണ്ടിനെ സംബന്ധിച്ചു ബാറ്റ് വീശാന്‍ കെല്‍പ്പുള്ളവരാണ്.

ഏഷ്യന്‍ ഗെയിംസ്; മലയാളി താരങ്ങളായ എം ശ്രീശങ്കറും ജിന്‍സന്‍ ജോണ്‍സനും ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ്; മലയാളി താരങ്ങളായ എം ശ്രീശങ്കറും ജിന്‍സന്‍ ജോണ്‍സനും ഫൈനലില്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ ലോങ് ജംപിലും ജിന്‍സന്‍ ജോണ്‍സന്‍ 1500 മീറ്ററിലും ഫൈനലിലേക്ക് മുന്നേറി. 100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ പ്രതീക്ഷയായ ജ്യോതി യരാജിയും ഫൈനലിലെത്തിയിട്ടുണ്ട്.

യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ പിന്നിട്ടാണ് ശ്രീശങ്കര്‍ ഫൈനലുറപ്പിച്ചത്. യോഗ്യതാ മാര്‍ക്ക് 7.90മീറ്റാണ്. നിലവിലെ 1500 മീറ്റര്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാണ് ജിന്‍സന്‍. ഹീറ്റ്‌സില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മലയാളി താരം ഫൈനലുറപ്പിച്ചത്. ഗെയിംസില്‍ 33 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുന്നു. എട്ട് സ്വര്‍ണം, 12 വെള്ളി, 13 വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.

അഞ്ചാം ദിനത്തിന് ആറാം സ്വര്‍ണത്തോടെ തുടക്കം; ഷൂട്ടിങില്‍ വീണ്ടും ഇന്ത്യക്ക് സുവര്‍ണ നേട്ടം

അഞ്ചാം ദിനത്തിന് ആറാം സ്വര്‍ണത്തോടെ തുടക്കം; ഷൂട്ടിങില്‍ വീണ്ടും ഇന്ത്യക്ക് സുവര്‍ണ നേട്ടം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം, വെള്ളി തിളക്കം. അഞ്ചാം ദിനത്തില്‍ ഷൂട്ടര്‍മാരാണ് ഇന്ത്യക്ക് ആറാം സ്വര്‍ണം നേട്ടം സമ്മാനിച്ചത്. വുഷുവിലാണ് വെള്ളി. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് സുവര്‍ണ നേട്ടം. സരബ്‌ജോത് സിങ്, ശിവ നര്‍വാല്‍, അര്‍ജുന്‍ സിങ് ചീമ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം നേടിയത്. 1734 പോയിന്റുകള്‍ ഫൈനലില്‍ വെടിവച്ചിട്ടാണ് സംഘത്തിന്റെ അഭിമാന നേട്ടം. വ്യക്തിഗത വിഭാഗത്തില്‍ സരബ്‌ജോതും അര്‍ജുനും ഫൈനലിലേക്ക് മുന്നേറി.

വനിതകളുടെ 60 കിലോ വുഷുവില്‍ ഇന്ത്യയുടെ നരോം റോഷിബിന ദേവിയാണ് വെള്ളി സ്വന്തമാക്കിയത്. ഫൈനല്‍ പോരില്‍ റോഷിബിന ചൈനയുടെ വു സിയോവെയോടു പരാജയപ്പെട്ടു. 0-2നു താരം ഫൈനലില്‍ തോല്‍വി വഴങ്ങി.
ഗെയിംസില്‍ ഇന്ത്യയുടെ ആറാം സ്വര്‍ണമാണിത്. വെള്ളി നേട്ടം എട്ടിലുമെത്തി. ആറ് സ്വര്‍ണം, എട്ട് വെള്ളി, പത്ത് വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 24 ആയി. പട്ടികയില്‍ ഇന്ത്യ ഏഴില്‍ നിന്നു അഞ്ചിലേക്കും കയറി.

ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്; മാര്‍ഷിനും വാര്‍ണറിനും സ്മിത്തിനും അര്‍ധ സെഞ്ച്വറി

ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്; മാര്‍ഷിനും വാര്‍ണറിനും സ്മിത്തിനും അര്‍ധ സെഞ്ച്വറി

രാജ്‌കോട്ട്: മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത ഓസിസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം ശരിവക്കുന്ന തരത്തിലായിരുന്നു ബാറ്റര്‍മാരുടെ പ്രകടനം. 26.5 ഓവറില്‍ ഓസ്‌ട്രേലിയ 200 റണ്‍സ് കടന്നു. 30 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.

ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് വെടിക്കെട്ട് പ്രകടനത്തിന് തുടക്കം കുറിച്ചത്. 34 പന്തുകളില്‍ നിന്ന് 56 റണ്‍സ് എടുത്ത ശേഷമാണ് വാര്‍ണര്‍ മടങ്ങിയത്. ആറ് തവണ സിക്‌സര്‍ പറത്തിയ വാര്‍ണര്‍ നാലുതവണ ബൗണ്ടറി പായിക്കുകയും ചെയ്തു. തകര്‍ത്തടിച്ച വാര്‍ണറെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. വാര്‍ണറുടെ കൂട്ടായി എത്തിയ മിച്ചല്‍ മാര്‍ഷ് തകര്‍പ്പന്‍ അടിതുടങ്ങിയതോടെയാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നത്. 84 പന്തുകളില്‍ നിന്ന് 96 റണ്‍സ് നേടിയ മാര്‍ഷ് സെഞ്ച്വറിക്കടുത്തെത്തി നില്‍ക്കെയാണ് പുറത്തായത്. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്. ഇതിനിടെ മൂന്ന് തവണ സിക്‌സര്‍ പറത്തിയ മാര്‍ഷ് പതിമൂന്ന് ഫോറുകളും അടിച്ചു.

വാര്‍ണര്‍ക്ക് പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്തും ഉജ്ജ്വല ഫോമിലായിരുന്നു. മത്സരത്തില്‍ സ്മിത്തും അര്‍ധ സെഞ്ച്വറി നേടി. 68 റണ്‍സുമായി സ്മിത്തും ആറ് റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നുമാണ് ക്രീസില്‍.

അഞ്ച് മാറ്റങ്ങളുമായാണ് ഓസിസ് ടീം ഇറങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്സ്‌വെല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ് ലി, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തി. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, അലക്‌സ് കാരി, ഗ്ലെന്‍ മാക്സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, തന്‍വീര്‍ സങ്ക, ജോഷ് ഹെയ്‌സല്‍വുഡ്.

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെയാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ ടീം ലോക റെക്കോര്‍ഡോടെ സ്വര്‍ണം വെടി വച്ചിട്ടത്. ഈ ഏഷ്യൻ ​ഗെയിംസ് പോരാട്ടത്തിലെ ഇന്ത്യയുടെ ആദ്യ സുവർണ നേട്ടം കൂടിയാണിത്.

ദിവ്യാന്‍ഷ് സിങ് പന്‍വാര്‍, രുദ്രാംക്ഷ് ബാലാസഹേബ് പാട്ടീല്‍, ഐശ്വരി പ്രതാപ് സിങ് തോമര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. രണ്ടാം ദിന പോരാട്ടത്തിന് സുവര്‍ണ നേട്ടത്തിന്റെ തിളക്കവുമായാണ് ഇന്ത്യ തുടക്കമിട്ടത്. മൊത്തം 1893.7 പോയിന്റുകള്‍ നേടിയാണ് ഇന്ത്യന്‍ സംഘത്തിന്റെ മുന്നേറ്റം. മൂവരും ഇതേ വിഭാഗത്തിന്റെ വ്യക്തിഗത പോരാട്ടത്തിന്റെ ഫൈനലിലേക്കും മുന്നേറിയിട്ടുണ്ട്. ഈ വർഷം ഓ​ഗസ്റ്റിൽ ഈ ഇനത്തിൽ ചൈന സ്ഥാപിച്ച ലോക റെക്കോർഡാണ് ഇന്ത്യ മറികടന്നത്.

രണ്ടാം ദിനത്തില്‍ റോവിങിലും മെഡല്‍ നേട്ടം. പുരുഷ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി. നാല് പേരടങ്ങിയ സംഘത്തിന്റെ പോരാട്ടത്തിലാണ് നേട്ടം. 6.10.81 സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം വെങ്കലം നേടിയത്. നിലവിൽ ഒരു സ്വർണവും മൂന്ന് വീതം വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ബാ​ഗിൽ മെഡലുകൾ ഏഴായി.

ഏഷ്യൻ ഗെയിംസിന് ഇന്ന് ഔദ്യോഗിക തുടക്കം; ഹർമൻപ്രീതും ലവ്‌ലിനയും ഇന്ത്യൻ പതാകയേന്തും

ഏഷ്യൻ ഗെയിംസിന് ഇന്ന് ഔദ്യോഗിക തുടക്കം; ഹർമൻപ്രീതും ലവ്‌ലിനയും ഇന്ത്യൻ പതാകയേന്തും

ഹാങ്ചോ: 19–ാം ഏഷ്യൻ ഗെയിംസിന് ചൈനയുടെ ഹാങ്ചോയിൽ ഇന്ന് ഔദ്യോഗിക തുടക്കം. ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വെർച്വലായി ഒരുമിച്ചു തെളിയിക്കുന്ന ദീപനാളത്തിലൂടെയാകും 19–ാം ഗെയിംസിന് തുടക്കമാകുക. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും.

45 രാജ്യങ്ങളിൽ നിന്നായി 12417 കായിക താരങ്ങളാണ് ഇത്തവണ ഗെയിംസിൽ മത്സരിക്കുന്നത്. മാർച്ച് പാസ്റ്റിൽ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും വനിതാ ബോക്സിങ് താരം ലവ്‌ലിന ബോർഗോഹെയ്നും ഇന്ത്യൻ പതാകയേന്തും. നാല് വർഷത്തിനുശേഷം ഉത്തര കൊറിയ രാജ്യാന്തര മത്സരവേദിയിലേക്കു തിരിച്ചെത്തുന്നുവെന്നതും ഈ വർഷത്തെ ​ഗെയിംസിന്റെ പ്രത്യേകതയാണ്.

655 കായിക താരങ്ങളെയാണ് ഇക്കുറി ​ഗെയിംസിൽ ഇന്ത്യ അണിനിരത്തുന്നത്. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 16 സ്വർ‌ണമടക്കം 70 മെഡലുകളുമായി എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. അത്‌ലറ്റിക്സിലാണ് ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിക്കുന്നത്. ഒപ്പം ഗുസ്തി, ഷൂട്ടിങ്, ബോക്സിങ് തുടങ്ങിയവയിലും മെഡൽ പ്രതീക്ഷിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.