ഡൽഹി: ഗർഭപാത്രം വാടകയ്ക്കു നൽകാൻ തയാറാകുന്ന സ്ത്രീക്ക്, ഗർഭധാരണം ആവശ്യമുള്ള ദമ്പതികൾ 36 മാസത്തെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണം എന്നതുൾപ്പെടെയുള്ള വാടക ഗർഭധാരണം (സറഗസി) ചട്ടങ്ങൾ നിലവിൽ വന്നു. ഗർഭകാലയളവിൽ സംഭവിക്കാവുന്ന മുഴുവൻ സങ്കീർണതകളും പ്രസവശേഷം ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളും കണക്കിലെടുത്തുള്ള പരിരക്ഷയാണു നൽകേണ്ടത്. അംഗീകൃത കമ്പനിയുടേതാകണം ഇൻഷുറൻസ് എന്നും ആരോഗ്യമന്ത്രാലയം നിഷ്കർഷിക്കുന്നു.
മറ്റു വ്യവസ്ഥകൾ
- ∙ വാടക ഗർഭധാരണം ആവശ്യമുള്ള ദമ്പതികൾ കലക്ടർക്കു മുന്നിലോ ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിലോ സത്യവാങ്മൂലം നൽകണം.
- ∙ വാടക ഗർഭധാരണ ശ്രമം ഒരു സ്ത്രീയിൽ 3 തവണയിൽ കൂടുതൽ നടത്താൻ പാടില്ല.
- ∙ ഗർഭഛിദ്ര നിയമത്തിലെ (1971) വ്യവസ്ഥകൾക്കു വിധേയമായി മാത്രമേ ഗർഭധാരണത്തിനു തയാറാകുന്ന സ്ത്രീകളിൽ ഗർഭഛിദ്രം അനുവദിക്കൂ.
- ∙ സറഗസി ക്ലിനിക്കിൽ റജിസ്റ്റർ ചെയ്യാൻ നടപടിക്രമം പാലിക്കണം. 2 ലക്ഷം രൂപ അപേക്ഷാ ഫീസുണ്ട്. ഇതു തിരികെ ലഭിക്കില്ല. അതേസമയം, അധികൃതർ അപേക്ഷ മടക്കിയാൽ വീണ്ടും അപേക്ഷിക്കുമ്പോൾ പുതുതായി ഫീസ് നൽകേണ്ട.
- വാടക ഗർഭപാത്രം ആശ്രയിക്കാവുന്നവർ
ഗർഭപാത്രം ഇല്ലാത്ത സ്ത്രീകൾ, ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കം ചെയ്തവർ, ചികിത്സ ഉൾപ്പെടെ പല രീതിയിൽ ശ്രമിച്ചിട്ടും ഗർഭധാരണത്തിനു സാധിക്കാത്തവർ, ആരോഗ്യകാരണങ്ങളാൽ പലവട്ടം ഗർഭം അലസിപ്പോയവർ, രോഗം മൂലം ഗർഭം ധരിക്കുന്നതിനു ബുദ്ധിമുട്ടുള്ളവർ.


















