വൈക്കം: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിവസവും കൂടുന്നു. കോവിഡ് കൂടുന്നുണ്ടെങ്കിലും പനി ബാധിതരെ ആശുപത്രികളില്‍ കോവിഡ് ടെസ്റ്റിനു നിര്‍ബന്ധിക്കുന്നില്ല. കോവിഡ് ലക്ഷണങ്ങളോടെ എത്തുന്നവര്‍ക്കു മാത്രമാണ് ടെസ്റ്റ് നടത്തുന്നത്. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ അവഗണിക്കുന്നവര്‍ ഏറെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഡെങ്കിപ്പനി, എലിപ്പനി എന്നിവയും സ്ഥിരീകരിക്കുന്നുണ്ട്. സമാന ലക്ഷണങ്ങളാണ് പനി ബാധിച്ച മിക്കവര്‍ക്കും. വിദഗ്ധ പരിശോധനയിലൂടെയേ ഏത് പനിയാണെന്ന് സ്ഥിരീകരിക്കാനാവൂ. സ്വയം ചികിത്സ നടത്തെരുതെന്ന് ഡോകടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.
ഇപ്പോള്‍ പടരുന്ന പനികള്‍ക്കും കോവിഡിനുമെല്ലാം സമാന ലക്ഷണങ്ങളാണ് കാണുന്നതെന്ന് കോട്ടയം ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ പി.എന്‍. വിദ്യാധരന്‍ പറഞ്ഞു. രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്. കോവിഡ് ആണെന്ന് സംശയം തോന്നിയാല്‍ ടെസ്റ്റ് നടത്തി ഉറപ്പാക്കും. അതുപോലെ തന്നെയാണ് മറ്റ് പനികളും.
കോവിഡ്
പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടല്‍.
വൈറല്‍ പനി
തൊണ്ടവേദനയോടു കൂടിയ ശക്തമായ പനി. മൂന്നുദിവസംവരെ പനി ഉണ്ടാകാം. ഒപ്പം ശക്തമായ തലവേദന, മൂക്കടപ്പ്, ക്ഷീണം, ചുമ.
ഡെങ്കിപ്പനി
ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയല്‍, ശക്തമായ തലവേദന
എലിപ്പനി
ശക്തമായ വിറയല്‍, പനി, തളര്‍ച്ച, കുളിര്, ശരീരവേദന, ഛര്‍ദി, മനംപുരട്ടല്‍, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കാന്‍ പ്രയാസം, കണങ്കാലില്‍ വേദന
എച്ച്1എന്‍1
പനി, ശരീരവേദന, ഛര്‍ദി, തൊണ്ടവേദന, വിറയല്‍, ക്ഷീണം
മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കോവിഡില്‍നിന്നു മാത്രമല്ല, വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളില്‍നിന്നും രക്ഷനേടാന്‍ ഉപകരിക്കും. പനി ഉണ്ടെന്നുതോന്നിയാല്‍ ഡോക്ടറുടെ സഹായം തേടണം.
വ്യക്തി ശുചിത്വം പാലിക്കുന്നതും പ്രധാനം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.


















