ആറ്റിങ്ങല്‍: ദേശീയപാത 66 ന്റെ 18-ാം റീച്ചായ കടമ്പാട്ടുകോണം-കഴക്കൂട്ടം പാതയുടെ നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. പാതയുടെ ഭാഗമായി ആഴാംകോണം മുതല്‍ മാമം വരെയുള്ള 10.9 കിലോമീറ്റര്‍ ദൂരത്തിലാണ് ആറ്റിങ്ങല്‍ ബൈപ്പാസ് നിര്‍മ്മിക്കുക. ഇതിന്റെ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കി വഴിതെളിക്കുന്ന ജോലികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. മാമത്തുനിന്നാണ് വഴിതെളിക്കല് ആരംഭിച്ചിട്ടുള്ളത്.
കടമ്പാട്ടുകോണം-കഴക്കൂട്ടം പാതവികസനത്തിനായി 69 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ 40 ഹെക്ടറിലധികം ഭൂമി ആറ്റിങ്ങല്‍ ബൈപ്പാസിനുവേണ്ടിയാണ് ഏറ്റെടുത്തിട്ടുള്ളത്. പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്തവര്ക്കളള നഷ്ടപരിഹാരവിതരണം അന്തിമഘട്ടത്തിലാണ്. ഭൂമിയേറ്റെടുക്കുന്നതിനായി 23,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ 75 ശതമാനം തുക കേന്ദ്രസര്‍ക്കാരും 25 ശതമാനം തുക കേരളസര്‍ക്കാരുമാണ് വഹിക്കുന്നത്.

റോഡിന്റെ നിര്‍മ്മാണക്കരാര്‍ കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്.ഡി.എസ്. എന്ന കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്. 795 കോടിയാണ് നിര്‍മ്മാണച്ചെലവ്. 45 മീറ്റര്‍ വീതിയില്‍ ആറുവരിപ്പാതയായാണ് റോഡ് നിര്‍മ്മിക്കുക. നൂറ് കിലോമീറ്റര്‍ കുറഞ്ഞ വേഗം നല്കാന് കഴിയുന്ന അന്താരാഷ്ട്രനിലവാരമുള്ള റോഡാണ് ഒരുങ്ങുന്നത്.
തടസ്സമില്ലാത്ത ഗതാഗതസൗകര്യമാണ് റോഡ് മുന്നോട്ട് വയ്ക്കുന്നത്. സര്‍വ്വീസ് റോഡുകളുമായി ബന്ധമുണ്ടാകുമെങ്കിലും വാഹനങ്ങള്‍ക്ക് ഒരിടത്തും ദേശീയപാത മുറിച്ച് കടക്കേണ്ടിവരില്ല. കടമ്പാട്ടുകോണം-കഴക്കൂട്ടം പാതയില്‍ ആറ് മേല്പാലങ്ങളും 16 അടിപ്പാതകളും രണ്ട് മേല്പ്പാതകളുമുണ്ടാകും. ബൈപ്പാസില്‍ തോട്ടയ്ക്കാട് തോട്, വാമനപുരം ആറ്, മാമം തോട് എന്നിവയ്ക്ക് കുറുകേ പാലങ്ങള്‍ നിര്‍മ്മിക്കണം. കൂടാതെ നിരവധി കലുങ്കുകളും നിര്‍മ്മിക്കേണ്ടതായുണ്ട്. 30 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. കാലാവസ്ഥ അനുകൂലമായാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിശ്ചിതസമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. 2008-ലാണ് പദ്ധതിക്കായി രൂപരേഖ തയ്യാറാക്കിയത്. തുടര്‍ന്ന് വിവിധ നടപടിക്രമങ്ങളും തടസ്സങ്ങളും തരണം ചെയ്താണ് ഇപ്പോള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
തിരുവാറാട്ട് കാവിലെ പരാതിക്ക് പരിഹാരമായിട്ടില്ല
ആറ്റിങ്ങല്‍ ബൈപ്പാസിന്റെ രൂപരേഖപ്രകാരം റോഡ് കടന്ന്പോകുന്നത് കൊല്ലമ്പുഴ തിരുവാറാട്ട് കാവ് ദേവീക്ഷേത്രവളപ്പിലൂടെയാണ്. റോഡിനായി ഭൂമിയേറ്റെടുക്കുമ്പോള്‍ ക്ഷേത്രത്തിന്റെ പാട്ടുപുരയുള്പ്പെടെയുള്ള ഭാഗങ്ങള്‍ നഷ്ടമാകും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ നാശത്തിന് ഇത് ഇടയാക്കുമെന്നും രൂപരേഖയില്‍ മാറ്റം വരുത്തി ക്ഷേത്രവളപ്പ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുബവും ദേവസ്വംബോര്‍ഡും ഭക്തരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. ഈ ഭാഗം ഒഴിവാക്കിയാണ് ഇപ്പോള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.


















