തൃശൂർ: റോഡിലെ വെള്ളക്കെട്ട് കാരണം റെയില്‍വേ ട്രാക്കിലൂടെ ജോലി സ്ഥലത്തേയ്ക്കു നീങ്ങിയ രണ്ടു സ്ത്രീകള്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണു. ഒരാൾ മരിച്ചു. മറ്റൊരാൾ ചികിത്സയിലാണ്. വിജയരാഘവപുരത്ത് ഇന്നു രാവിലെ പത്തോടെയാണു സംഭവം. വിജയരാഘവപുരം സ്വദേശികളായ ചെമ്പോത്തുപറമ്പില്‍ മുജീബിന്റെ ഭാര്യ ഫൗസിയ, തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ എന്നിവരാണ് വെള്ളക്കെട്ടില്‍ വീണത്. ഗുരുതരമായി പരുക്കേറ്റ ദേവീകൃഷ്ണയാണ് മരണപ്പെട്ടത്.
ട്രെയിന്‍ വരുന്നതു കണ്ടു പരിഭ്രമിച്ച് ട്രാക്കില്‍ നിന്നു മാറി വശത്തേക്കു നീങ്ങി നിൽക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേക്കു വീഴുകയായിരുന്നു. മൂന്നു പേര്‍ ചേര്‍ന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നു പോയത്. ഇതില്‍ ഒരാള്‍ വെള്ളക്കെട്ടില്‍ വീഴാതെ രക്ഷപ്പെട്ടു.



















