കഴിഞ്ഞ വർഷങ്ങളിൽ കിഫ്‌ബി ഫണ്ടൂപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിടങ്ങൾക്ക് സർക്കാർ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ സ്കൂകളുടെ തസ്തികാ നിർണയത്തിൽ അധ്യാപകർ പുറത്താകുന്ന അവസ്ഥയുണ്ടെന്ന് കെപിഎസ്ടിഎ ആരോപിച്ചു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ അവനവഞ്ചേരി ഗവ. ഹൈസ്കൂൾ, നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ഭരതന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ, അഴൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ, ഡയറ്റ് സ്കൂൾ എന്നീ സ്കൂളുകളിലാണ് ഈ അവസ്ഥ നിലനിൽക്കുന്നത്. സംസ്ഥാനത്ത് കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച സ്ക്കൂൾ കെട്ടിടങ്ങൾക്ക് എല്ലാം ഫിറ്റ്നസ് കിട്ടുന്നതിന് പ്രശ്നങ്ങൾ ഉണ്ട്. മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഈ വർഷം 3 ഡിവിഷനുകളിലെ കുട്ടികൾ ആണ് അധികമായി വന്നു ചേർന്നത്. നിലവിലുണ്ടായിരുന്ന രണ്ട് കെട്ടിടങ്ങൾ പൊളിച്ചാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചത്. മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരി 18 നാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. അഗ്നി സുരക്ഷാ സംവിധാനവും അധിക കോണിപ്പടിയും ഒരുക്കാത്തതിനാലാണ് ഇവിടെ ഫിറ്റ്നസ് ലഭിക്കാത്തതെന്നാണ് ആറ്റിങ്ങൽ നഗരസഭ പറയുന്നത്. മേൽപറഞ്ഞ സ്കൂളുകളിലൊക്കെ അധ്യാപകർ പുറത്താകുകയും കുട്ടികൾക്ക് അധ്യയനം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും. സ്കൂളുകളിലെ ഗുണനിലവാരം ഉയർത്താൻ കൊണ്ടുവന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് സർക്കാറിൻ്റേ പിടിപ്പുകേട് കൊണ്ട് ഫിറ്റ്നസ് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കണമെന്നും കുട്ടികൾക്ക് അധ്യയനം മുടങ്ങാതിരിക്കാൻ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സർക്കാർ അടിയന്തിരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെടണമെന്നും കെപിഎസ്ടിഎ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യാപക വിദ്യാർഥി അനുപാതം 1:40 എടുത്തു കളഞ്ഞ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ആഗസ്റ്റ് 11 ന് ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ ഓഫീസ് പടിക്കൽ കെപിഎസ്ടിഎ സമരം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു. കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രദീപ് നാരായണൻ, ആർ. ശ്രീകുമാർ, തിരുവന്തപുരം ജില്ലാ സെക്രട്ടറി എൻ. സാബു, വി.പി.സുനിൽകുമാർ, വി.വിനോദ്, റോബർട്ട് വാത്സകം, എസ്. സബീർ, എം.ജെ. അനൂപ്, സി.എസ്. വിനോദ്, റ്റി.യു.സഞ്ജീവ് എന്നിവർ സംസാരിച്ചു.



















