ചിറയിൻകീഴ്: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കോട്ടയിൽ വീരേതിഹാസ സ്മരണ ജ്വാല സംഘടിപ്പിച്ചു. വക്കം ഖാദർ അനുസ്മരണ വേദി സംഘടിപ്പിക്കുന്ന ആസാദി ജ്വാല പ്രയാണിൻ്റെ ഭാഗമായിട്ടാണ് മൂന്ന് നൂറ്റാണ്ട് മുമ്പ് അഞ്ചുതെങ്ങിലെ തീരദേശ ജനതയുടെ നേതൃത്വത്തിൽ അധിനിവേശ ശക്തികൾക്ക് എതിരെ നടന്ന ആദ്യ പോരാട്ടമായ അഞ്ചുതെങ്ങ് കലാപത്തെയും സമര നായകരെയും അനുസ്മരിച്ചു വീരേതിഹാസ സ്മരണ ജ്വാല സംഘടിപ്പിച്ചത്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ലൈജു സംഗമം ഉൽഘാടനം ചെയ്തു. വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് സ്മരണ ജ്വാല തെളിയിച്ചു. കലാപത്തിൻ്റെ മുന്നൂറാം വർഷികത്തെ അനുസ്മരിപ്പിച്ചു 300 തിരിനാളങ്ങൾ തെളിയിച്ചു കോട്ടക്ക് മുന്നിൽ സ്ഥാപിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ജോസ് നിക്കോളാസ്, ശ്രീ ചന്ദ്, ബിജു, പൊതു പ്രവർത്തകരായ സക്കീർ, മോനിഷ്, അനീസ്, സജീർ ജന്മിമുക്ക്, ഷാജി, ഷൈജു, ഹബീബ് എന്നിവർ നേതൃത്വം നൽകി.




















