തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 14 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി 66 കേസുകൾ രജിസ്റ്റർ ചെയ്യുകയും കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിക്കാനുപയോഗിച്ച ലാപ്ടോപ്പുകളടക്കം 279 തൊണ്ടി മുതലുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇന്നലെയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നത്. നവമാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നവരാണ് പിടിയിലായത്.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും, പ്രചരിപ്പിക്കുകയും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സൈബർ ഡോം,സൈബർ സെൽ, സൈബർ പോലീസ് സ്റ്റേഷൻ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കോട്ടയം ജില്ലയിൽ നിന്ന് മാത്രം 35 മൊബൈൽ ഫോണുകളും, ഒരു ലാപ് ടോപ്പും, മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടിയെന്നാണ് റിപ്പോർട്ട്.


















