കൊച്ചി: പെരിയാറിൽ ജലനിരപ്പ് ഉയർന്നു. തുടർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 1.5 മീറ്ററോളമാണ് പെരിയാറിലെ ജലനിരപ്പ് ഉയർന്നത്. ആലുവ ക്ഷേത്രത്തിൽ വെള്ളം ഉയർന്നതോടെ പുലർച്ചെയുള്ള പൂജാ കർമങ്ങൾ ഉൾപ്പെടെ തടസപ്പെട്ടു.
ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ് 2.3 മീറ്റർ ഉയർന്നതായും രേഖപെടുത്തി. എന്നാൽ ബുധനാഴ്ച ഇത് 80 സെന്റിമീറ്റർ മാത്രമായിരുന്നു. പെരിയാർ കലങ്ങി ഒഴുകുന്നതിനാൽ വെള്ളത്തിലെ ചെളിയുടെ തോതും വർധിച്ചിട്ടുണ്ട്. 70 എൻ റ്റിയു ആയാണ് ചെളിയുടെ തോത് വർധിച്ചത്.

റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബുധനാഴ്ച ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 25 സെന്റീമീറ്റർ കൂടി ഉയർത്തിയിരുന്നു. 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്. ഇതിനൊപ്പം മഴയും ശക്തമായതോടെയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.



















