തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ജന്മദിനാശംസകളുമായി പ്രമുഖതാരങ്ങൾ. മോഹൻലാലും ഉണ്ണിമുകുന്ദനും പ്രധാനമന്ത്രിയ്‌ക്ക് ജന്മദിനാശംസകൾ നേർന്നു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഊഷ്മളമായ ജന്മദിനാശംസകളും സ്‌നേഹവും, അങ്ങേയ്‌ക്ക് ആരോഗ്യവും സന്തോഷവും കൂടുതൽ വിജയവും നിറഞ്ഞ ഒരു അനുഗ്രഹീത വർഷം ഉണ്ടാകട്ടെ’ എന്നായി രുന്നു മോഹൻലാൽ ആശംസയർപ്പിച്ചത്. ഉണ്ണിമുകുന്ദനും ആശംസ നേർന്നു.

നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാഷ്‌ട്രീയ ഭേദമന്യേ നേതാക്കളും അദ്ദേഹത്തിന് ആശംസകൾ നേർന്നു. കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി, ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, തുടങ്ങിയവർ ട്വിറ്ററിലൂടെയാണ് ആശംസകൾ പങ്കുവെച്ചത്.
ഇവരെ കൂടാതെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് , തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൽ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത സിംഗ് മാൻ , കോൺഗ്രസ്സ് എം പി ശശി തരൂർ, ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി, ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ്സ് നേതാവ് മഹുവ മൊയ്ത്ര തുടങ്ങി നിരവധി രാഷ്‌ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ അദ്ദേഹത്തിന് ആശംസകൾ നേർന്നു.
അതേസമസം പതിവുപോലെ ഈ ദിവസവും കർമ്മനിരതനായി സേവനത്തിൽ മുഴുകനാണ് പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും തീരുമാനം. പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ബിജെപി സേവാ ദിവസമായി ആചരിക്കും. ഇന്ന് മുതൽ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും ബിജെപി പ്രവർത്തകർ രക്തദാന ക്യാംപുകൾ നടത്തും. സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപുകളുമുണ്ടാകും. ദിവ്യാംഗർക്ക് ഉപകരണങ്ങൾ നൽകും. കൊറോണ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് അതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും.



















