തിരുവനന്തപുരം: വാഹനങ്ങളിലെ രൂപമാറ്റത്തിനുള്ള പിഴ 5000-ൽനിന്ന് 10,000 ആക്കിയത് ടൂറിസ്റ്റ് ബസുകൾക്ക് മാത്രമല്ല എല്ലാ വാഹനങ്ങൾക്കും ബാധകമാണെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ വരുത്തുന്ന ഓരോ മാറ്റവും വ്യത്യസ്ഥ കേസുകളായി പരിഗണിച്ച് ഓരോന്നിനും 10,000 രൂപ വീതം പിഴ ഈടാക്കും.

വടക്കഞ്ചേരിയിൽ അതിവേഗത്തിൽപോയ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് ഒമ്പതു പേർ മരിച്ചതിനെ തുടർന്ന് ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ തടയാനാണ് പിഴ ഉയർത്തിയത്. 2019-ലെ കേന്ദ്ര മോട്ടോർ വാഹനനിയമ ഭേദഗതിയിലാണ് രൂപമാറ്റത്തിനുള്ള പിഴ 10,000 രൂപയായി ഉയർത്തിയത്. എന്നാൽ പിഴ കൂടുതലാണെന്ന അഭിപ്രായമുയർന്നതിനെത്തുടർന്ന് പലതും സംസ്ഥാന സർക്കാർ പകുതിയാക്കിയിരുന്നു. രൂപമാറ്റത്തിന് 5000 രൂപയേ ഈടാക്കിയിരുന്നുള്ളൂ. നിയമലംഘനങ്ങളും രൂപമാറ്റവും നിയന്ത്രണാതീതമായതോടെ കേന്ദ്രസർക്കാർ നിശ്ചയിച്ച 10,000 രൂപ പിഴ ഈടാക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായി. ഇതുസംബന്ധിച്ച ചട്ടഭേദഗതി അന്തിമഘട്ടത്തിലാണ്.
ടൂറിസ്റ്റ് ബസുകളിലെ ക്രമക്കേടുകൾ തടയാൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓപ്പറേഷൻ ഫോക്കസ് പരിശോധന ഞായറാഴ്ച സമാപിച്ചെങ്കിലും പരിശോധന തുടരും. രൂപമാറ്റംവരുത്തിയ കാറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്കെതിരേ തുടർന്നും നടപടിയുണ്ടാകും. ഇരുചക്രവാഹനങ്ങളിൽ ഹാൻഡിൽ, ടയർ, സൈലൻസർ എന്നിവയിൽ മാറ്റംവരുത്തുന്നതും പിഴ ക്ഷണിച്ചുവരുത്തും.
കടുത്ത പിഴ ഈടാക്കുന്നത് ഈ മാറ്റങ്ങൾക്ക്:
അതിതീവ്ര പ്രകാശമുള്ള ഹെഡ് ലൈറ്റുകളുടെ ഉപയോഗം
ശബ്ദം കൂട്ടാൻ സൈലൻസറുകളിൽ മാറ്റം വരുത്തുക
വേഗം കൂട്ടാനുള്ള കൃത്രിമ സംവിധാനങ്ങൾ
പുറത്തേക്ക് തള്ളി നിൽക്കുന്ന വലിയ ടയറുകളും ഡിസ്കുകളും ഉപയോഗിക്കുക
സസ്പെൻഷനിൽ മാറ്റംവരുത്തുക, വാഹനത്തിന്റെ ഘടന മാറ്റുക തുടങ്ങിയ കുറ്റങ്ങൾക്കായിരിക്കും പരമാവധി പിഴ ചുമത്തുക


















