തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സില ര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ സമയ പരിധി അവസാനിച്ചു. ഒരാളും രാജിവെച്ചില്ല. ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഗവര്‍ണറുടെ രാജി ആവശ്യം ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി. ഇന്ന് അവധി ദിനമാണെങ്കിലും ഹൈക്കോടതി ഇന്നുതന്നെ ഹർജി പരിഗണിക്കും.

വൈകീട്ട് നാല് മണിക്ക് പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് കേസ് പരിഗണിക്കുക. സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വി.സിമാരോട് തിങ്കളാഴ്ച രാവിലെ 11.30-ന് മുമ്പായി രാജിവെക്കാനായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, രാജിക്കില്ലെന്ന് ആറ് വിസിമാര്‍ ഗവര്‍ണറെ രേഖമൂലം അറിയിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് വിസിമാര്‍ രാജ്ഭവനെ അറിയിച്ചിട്ടുള്ളത്. എംജി, ഫിഷറീസ്, സാങ്കേതിക സര്‍വകലാശാല വിസിമാര്‍ ഒഴികെയുള്ളവരാണ് കത്ത് നല്‍കിയിട്ടുള്ളത്. തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.
വിസിമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയിലെ പ്രത്യേക സിറ്റിങില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് വാദം കേള്‍ക്കുക. രാജിനിര്‍ദേശം ലഭിച്ച വൈസ് ചാന്‍സലര്‍മാര്‍ എല്ലാവരും കൊച്ചിയിലെത്തിയേക്കും. തുടര്‍ന്നുള്ള നടപടികള്‍ ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്കുണ്ട്.


















