സംസ്ഥാനത്ത് അവശേഷിക്കുന്ന നിരക്ഷരരെ സാക്ഷരരാക്കാൻ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പിലാക്കി വരുന്ന കേന്ദ്ര-സംസ്ഥാന സാക്ഷരതാ പദ്ധതിയായ ‘ന്യൂ ഇൻഡ്യ ലിറ്ററസി പ്രോഗ്രാമിലൂടെ തിരുവനന്തപുരംജില്ലയിൽ 6000 നിരക്ഷരെ സാക്ഷരരാക്കുന്നു. പദ്ധതി വിജയകരമാക്കുന്നതിനു വേണ്ടി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സൺമാർക്കുള്ള ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു.

ഇതോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഒലീന.എ.ജി യുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, സംസ്ഥാന സാക്ഷരതാ മിഷൻ അസി. ഡയറക്ടർ ഡോ. വിജയമ്മ, സംസ്ഥാന സാക്ഷരതാ മിഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിനി സാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ .വിജയകുമാർ, ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ടോജോ ജേക്കബ്, അസി. കോ-ഓർഡിനേറ്റർ ബി.സജീവ് എന്നിവർ സംസാരിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഓഫീസിലെ ജീവനക്കാരായ ചിത്ര നാരായണൻ, മനു, ജില്ലാ ഓഫീസിലെ ജീവനക്കാർ എന്നിവർ പരിശീലനത്തിന് നേതൃത്യം നൽകി.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ പദ്ധതിയുടെ ആമുഖാവതരണം, സാക്ഷരതാ ചരിത്രം, പദ്ധതി വിശദീകരണം, സാക്ഷരത കാഴ്ചപ്പാടും പൊതു സമീപനവും, ഗണിത പഠന സമീപനം, പരിസര പഠന സമീപനം, മൂല്യം, മനോഭാവം, നൈപുണി, മുതിർന്നവരുടെ വിദ്യാഭ്യാസം, കൈപ്പുസ്തകം പരിചയപ്പെടുത്തൽ, ഉള്ളടക്കവും മൂല്യനിർണ്ണയവും എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സ്‌റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പംഗങ്ങളായ ഡോ.പി.സത്യനേശൻ, മടവൂർ ശശി, അസി.പ്രൊഫ.എൻ.കെ സുനിൽകുമാർ എന്നിവരും ജില്ലാ റിസോഴ്സ് ഗ്രൂപ്പംഗങ്ങളായ ടി.ചന്ദ്രശേഖരൻ നായർ, ബി. നീലകണ്ഠൻ നായർ, ശാന്തി പ്രമീള എന്നിവരും ചേർന്നാണ് വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കുന്നത്. പരിശീലനത്തിനു ശേഷം സാക്ഷരതാ മിഷൻ പ്രേരക്മാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോളന്ററി അദ്ധ്യാപകർക്കും പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും പദ്ധതിയുടെ ഭാഗമായുള്ള തുടർപ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യും.


















