തിരുവനന്തപുരം: രണ്ട് പ്രളയവും കൊവിഡ് അതിജീവനവും കടന്ന് അറുപത്തിയാറാം ജന്മദിനമാഘോഷിച്ച് കേരളം. തുടരെയുണ്ടായ പ്രതിസന്ധികളെ ഒറുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെ കേരളപ്പിറവിയെ വരവേറ്റു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം.
കേര വൃക്ഷങ്ങളുടെ നാടായതിനാൽ കേരളമെന്ന പേര് കിട്ടിയെന്നാണ് വാക്മൊഴി. എന്നാൽ ചേരന്മാര്‍ ഭരിച്ചിരുന്ന ചേരളം. പറഞ്ഞ് പറഞ്ഞ് കേരളമായെന്ന് വാദിക്കുന്നവരുമുണ്ട്. പുഴകളും, കടലും, കായലും, കുന്നും, മലകളുമൊക്കെയായി പ്രകൃതി ആവോളം അനുഗ്രഹിച്ചലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലം ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിൽ ലോകമെമ്പാടും തിളങ്ങുന്നു.
വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും സൂചികകളിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനം. രണ്ട് പ്രളയങ്ങൾ തകർത്തെറിഞ്ഞിട്ടും പൂർവാധികം ശക്തിയോടെ നമ്മൾ തിരികെ വന്നു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മലയാളിയെന്ന വികാരത്തോടെ എല്ലാ പ്രതിസന്ധികളെയും അതീജീവിച്ച് മുന്നേറുകയാണ് കേരളം. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

















