കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് അറസ്റ്റിലായത്. വാഹനവും കസ്റ്റഡിയിലെടുത്തു. ശിഹ്ഷാദിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു. രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയാണ് ശിഹ്ഷാദ്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസിന്റെ നടപടി. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായോയെന്ന് തലശ്ശേരി എസിപി അന്വേഷിക്കും.

സംഭവം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പറഞ്ഞു. പ്രതിക്കെയ്തിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പൊലീസിനെതിരായ ആരോപണം പരിശോധിക്കുമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത് കുമാറും വ്യക്തമാക്കി.

കേരളത്തിലെത്തി ഉത്സവങ്ങളിലും മറ്റുമായി ബലൂണ്‍ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. നടുവിന് പരിക്കേറ്റ കുട്ടി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ മുഹമ്മദ് ശിഹ്ഷാദിനെ തടഞ്ഞു, പൊലീസിന് കൈമാറി. എന്നാല്‍, പൊലീസ് കേസെടുക്കാതെ മുഹമ്മദ് ശിഹ്ഷാദിനെ വിട്ടയക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.


















