ആലപ്പുഴ സ്വദേശിനായ വിദ്യാര്‍ത്ഥിയുടെ പഠന ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്ജുന്. ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പ്ലസ് ടുവിന് 92 ശതമാനം മാര്‍ക്കോടെ വിജയിച്ച പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് കളക്ടറെ കാണാനെത്തുന്നത്. വീ ആര് ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമാക്കിയാണ് കുട്ടിയ്ക്ക് സഹായം നല്‍കിയത്. നഴ്സ് ആകണം എന്ന് ആഗ്രഹിച്ച കുട്ടിയ്ക്ക് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ സീറ്റ് ഉറപ്പാക്കി. നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്പോണ്സര് വേണമായിരുന്നു. ഇതിനായാണ് അല്ലു അര്‍ജുനുമായി കളക്ടര്‍ ബന്ധപ്പെടുന്നത്. കേട്ടപാടെ നാല് വര്‍ഷത്തേയ്ക്കുമുള്ള ഹോസ്റ്റല്‍ ഫീ അടക്കമുള്ള മുഴുവന്‍ പഠന ചിലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു എന്ന് കളക്ടര്‍ അറിയിച്ചു.

















