മാറനല്ലൂർ: പട്ടാപകൽ ജനവാസ മേഖലയിൽ വെള്ളം ചോദിച്ചെത്തി മോഷ്ടാവ് വയോധികയെ ക്രൂരമായി ആക്രമിച്ചു സ്വർണ്ണ മാല കവർന്നു. മാറനല്ലൂർ അരുമാളൂർ മയൂരം വീട്ടിൽ അരുന്ധതി (85) യെയാണ് കള്ളൻ മർദ്ദിച്ചു അവശയാക്കി മാല പിടിച്ചു പറിച്ചത്. മുഖത്തും നെഞ്ചിലും ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റു. മുഖത്തും കണ്ണിലുമൊക്കെ മർദ്ദനത്തെ തുടർന്ന് നീര് വന്നു വീർത്ത അവസ്ഥയിലാണ്. മൂക്കില്‍കൂടി അമിതമായി രക്തം വാര്‍ന്ന അരുദ്ധതി അവശതയിലും പുറത്തിറങ്ങി നാട്ടുകാരെ കൂട്ടിയെങ്കിലും കള്ളൻ ഓടി മറഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ജോലിക്ക് പോയ മകൾ സുജയെയും ഇവരുടെ മറ്റൊരു മകൻ സതി കുമാറിനെയും വിവരം അറിയിച്ചു. ഇവര്‍ നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു ചികിത്സ നൽകി.

അരുന്ധതിയും മകൾ സുജ ചെറുമകൻ മിഥുൻ എന്നിവരാണ് മയൂരം വീട്ടിൽ താമസിക്കുന്നത്. മകളും ചെറുമകനും പുറത്ത് പോയ സമയം തിങ്കളാഴ്ച രാവിലെ 11. 30 ഓടെ മെലിഞ്ഞ ശരീര പ്രകൃതിയുള്ള യുവാവ് കുടിക്കാൻ വെള്ളം ചോദിച്ചു എത്തിയത്. ഇതിനിടെ ചിലരുടെ പേരുകൾ പരാമർശിച്ചു ഇവരെ അറിയുമോ എന്നും അരുന്ധതിയോട് കള്ളൻ ചോദിച്ചു. അടുക്കളയിൽ ചെന്ന് വെള്ളവുമായി തിരികെ എത്തിയപ്പോഴാണ് കള്ളൻ അകത്തേക്ക് കയറി കഴുത്തിന് പിടിക്കുകയും അതി ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. മുഖത്തെ എല്ലുകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട് എന്ന് ബന്ധുക്കൾ പറഞ്ഞു. മാറനല്ലൂർ പോലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തി പ്രദേശങ്ങളിലെ സി സി ടീ വി ഉൾപ്പെടെ പരിശോധിച്ചു അന്വേഷണം നടത്തി വരുന്നു. കണ്ടലയിലും വെള്ളൂർ കോണത്തും സമാന രീതിയിൽ ആക്രമണം നടത്തി മാല കവർന്ന സംഭവം ഉണ്ടായിട്ടുണ്ട്.

















