തിരുവനന്തപുരം: സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് മന്ത്രിസഭാ യോഗത്തിൽ. പാൽ വില ലീറ്ററിന് 6 രൂപ കൂട്ടിയേക്കും. എട്ടു രൂപയുടെ വർധനയാണ് മിൽമ ആവശ്യപ്പെട്ടതെങ്കിലും ആറു രൂപയുടെ വർധനയാകും ഉണ്ടാവുക. വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താൻ ആണ് മദ്യവില കൂട്ടുന്നത് പരിഗണിക്കുന്നത്.

വർധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമയുടെ പ്രഖ്യാപനം. കർഷകരിൽ നിന്ന് ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ് മിൽമ പാൽ സംഭരിക്കുന്നത്. ഈ പാൽ മിൽമ വിൽക്കുന്നത് ലീറ്ററിന് 50 രൂപയ്ക്കാണ്. സംഭരണ വിതരണ വിലയിലെ അന്തരം 13 രൂപ. പാൽ വില ഉയർത്തുന്നതിന്റെ നേട്ടം തങ്ങൾക്ക് ലഭിയ്ക്കുമോ എന്ന ചോദ്യമാണ് ക്ഷീര കർഷകരിൽ നിന്ന് ഉയരുന്നത്.

















