തിരുവനന്തപുരം: മിൽമ പാൽ വിലവർധന നാളെ മുതൽ നടപ്പാക്കും. ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. ആവശ്യക്കാർ കൂടുതലുള്ള നീല കവർ ടോൺഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും നാളെ മുതൽ വില. തൈരിനും നാളെ മുതൽ വില കൂടും.
ടോൺഡ് മിൽക്ക് 500 മില്ലി ലീറ്റർ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25രൂപ (പഴയ വില 22 രൂപ), ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് (കടുംനീല പായ്ക്കറ്റ്) പുതിയ വില 26രൂപ (പഴയ വില 23രുപ), കൗ മിൽക്ക് (പശുവിൻപാൽ) പുതിയ വില 28 രൂപ (പഴയ വില 25 രൂപ), ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് 525 മില്ലിലീറ്റർ (വെള്ള പായ്ക്കറ്റ്) പുതിയ വില 28 രൂപ (പഴയ വില 25രൂപ). പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില വർധിക്കും.

നാളെ മുതൽ കവറിൽ പുതുക്കിയ വില പ്രിന്റ് ചെയ്യുമെന്ന് മിൽമ അറിയിച്ചു. നിലവിലെ വിലയേക്കാൾ ഏകദേശം അഞ്ചുരൂപ മൂന്നു പൈസയാണ് കർഷകന് കൂടുതലായി ലഭിക്കുക. 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.025 രൂപ ക്ഷീരകർഷകന് അധികമായി ലഭിക്കും. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക.

















