ബ്രിട്ടനിലെ മലയാളി നഴ്സിന്റെ മരണം കൊലപാതകം. അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് യുകെ പൊലീസ്. വ്യാഴാഴ്ചയാണ് അഞ്ജുവിനേയും രണ്ട് മക്കളേയും ബ്രിട്ടനിലെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തും മുന്‍പേ അഞ്ജു മരിച്ചു. കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്സായിരുന്നു അഞ്ജു. നാലും ആറും വയസുള്ള കുട്ടികളാണ് മരിച്ചത്. കൊലപാതക വിവരങ്ങള്‍ പൊലീസ് ബന്ധുക്കളെ അറിയിച്ചു. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. സാജു 72 മണിക്കൂര്‍ കൂടി കസ്റ്റഡിയില്‍ തുടരുമെന്ന് യുകെ പൊലീസ് കുടുംബത്തെ അറിയിച്ചു.

ഒന്നര വര്‍ഷം മുന്‍പാണ് കുടുംബം യുകെയില്‍ എത്തിയത്. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗംലം സ്വദേശിയാണ് അഞ്ജു. അഞ്ജു ഏറെ നാളായി വിഷാദത്തിലായിരുന്നു എന്ന് പിതാവ് അശോകന് പറയുന്നു. ജോലിയില്ലാത്തതിന്റെ വിഷമത്തിലായിരുന്നു അഞ്ജുവിന്റെ ഭര്‍ത്താവ് സാജു. മാസങ്ങളായി അഞ്ജു നാട്ടിലേക്ക് പണം അയച്ചിരുന്നില്ല. വീട്ടില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ അഞ്ജുവിനും മക്കള്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാരും പൊലീസും വീട്ടില്‍ വെച്ച് ചികിത്സ ലഭ്യമാക്കി. അഞ്ജു ആശുപത്രിയിലേക്ക് പോകും വഴിയും കുട്ടികള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. സാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയ വിവാഹമായിരുന്നു അഞ്ജുവിന്റേയും സാജുവിന്റേയും.

















