ബാംഗ്ലൂർ: ഷോപ്പിംഗ് നടത്തുന്നതിനിടെ വയോധികന് ഹൃദയാഘാതമുണ്ടായപ്പോൾ സമയോചിതമായ ഇടപെടലിലൂടെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബാംഗ്ലൂരിലെ ഐകെഇഎ എന്ന ഷോപ്പിംഗ് സ്‌റ്റോറിലാണ് സംഭവം. സ്‌റ്റോറിലെത്തിയ കസ്റ്റമർ പെട്ടെന്ന് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്ത് ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഒരു ഡോക്ടർ ഭാഗ്യവശാൽ ഇതു കാണാനിടയായി.

ഹൃദയാഘാതമാണെന്ന് തിരിച്ചറിയുകയും വയോധികന് സിപിആർ നൽകുകയും ചെയ്തു. ഏകദേശം പത്ത് മിനിറ്റോളം ഡോക്ടർ കിണഞ്ഞു പരിശ്രമിച്ചു. പൾസ് പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും വയോധികനെ ഡോക്ടർ രക്ഷപ്പെടുത്തി. ഓർത്തോപീഡിക് സർജനായിരുന്നു അദ്ദേഹം. ഒടുവിൽ ബോധരഹിതനായിരുന്ന വയോധികൻ ചുമച്ചു കൊണ്ട് കണ്ണുതുറന്നു. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയി.

















