ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം കുഴല്‍ക്കിണറില്‍ തള്ളി. ഉത്തര്‍പ്രദേശിലെ ഘോസി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 14 വയസ്സുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ടുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍നിന്ന് മാലിന്യം കളയാനായി പുറത്തേക്ക് പോയ പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നത്. വീട്ടില്‍നിന്നും 200 മീറ്റര്‍ അകലെയുള്ള കൃഷിയിടത്തില്‍ കുഴല്‍ക്കിണറിന്റെ കുഴിയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട്, വായില്‍ തുണിതിരുകിയ നിലയില്‍ കുട്ടിയെ കണ്ട് കൃഷിയിടത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ ബഹളംവെച്ചു. തുടര്‍ന്ന് കുട്ടിയെ കുഴല്‍ക്കിണറില്‍നിന്ന് രക്ഷപ്പെടുത്തുകയും പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും മൂന്നാമത്തെ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി.

















