തിരുവല്ല: പ്രണയം തുടരാൻ താത്പര്യം കാട്ടാതിരുന്ന യുവതിയെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കോയിപ്രം സ്വദേശിനിയായ 28-കാരിയെയാണ് വെള്ളിയാഴ്ച വൈകീട്ട് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. തിരുവല്ല കോട്ടത്തോട് മഠത്തിൽപറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്ത് വീട്ടിൽ അക്ഷയ് (25) എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റ യുവതി ചികിത്സയിലാണ്. തുകലശ്ശേരി മാക്ഫാസ്റ്റ് കോളേജിന് സമീപമാണ് കൊലപാതകശ്രമം നടന്നത്.
വിഷ്ണുവുമായി രണ്ടു വർഷമായി പ്രണയത്തിലായിരുന്നു യുവതി. മാസങ്ങള്‍ക്ക് മുന്നേ യുവതി ബന്ധത്തില്‍ നിന്നും പിന്മാറി. ഇതാണ് യുവതിയെ അപായപ്പെടുത്താന്‍ ഇയാളെ പ്രേരിപ്പിച്ചത്. തുടര്‍ന്നാണ് കാറിടിച്ച് കൊലപ്പെടുത്താനുള്ള ശ്രമം. യുവതിയെ ഇടിച്ചു തെറിപ്പിച്ചതിന് ശേഷം ഇരുവരും വാഹനവുമായി കടന്നു. വിഷ്ണുവാണ് കാറോടിച്ചത്. കൂട്ടുപ്രതിയായ അക്ഷയുടെ പിതാവിന്റെ പേരിലുള്ളതായിരുന്നു വാഹനം. കാറിടിച്ച് തെറിച്ചു വീണ യുവതിയുടെ തലയ്ക്ക് ക്ഷതമേറ്റു. വലതു കൈയുടെ അസ്ഥിയ്ക്കും പൊട്ടലുണ്ട്.


















