ചിറയിൻകീഴ്: മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന്‍റെ വൈരാഗ്യത്തിൽ അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിയായ മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പടനിലം സ്വദേശിയും സൈനികനുമായിരുന്ന ഗോപകുമാറിനാണ് തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴ തുക കെട്ടിവച്ചില്ലങ്കിൽ രണ്ടുവർഷം അധികം തടവുശിക്ഷ അനുഭവിക്കണം. 2012 മാർച്ച് അഞ്ചിനായിരുന്നു സുകുമാരിയമ്മയെ പട്ടാളക്കാരനായ മകൻ ഗോപകുമാര്‍ ചവിട്ടിക്കൊന്നത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെയും അയൽവാസികളുടെയും മൊഴികളടെയും അടിസ്ഥാനത്തിലാണ് പ്രതിയ്ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ സമയത്ത് സാക്ഷികളിൽ പലരും കൂറ് മാറിയിരുന്നു. അന്നത്തെ ആറ്റിങ്ങൽ സി.ഐ ആയിരുന്ന എം.ഐ ഷാജി ആയിരുന്നു കേസ്സിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.



















