തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെടിയു) വിസിയെ നിയന്ത്രിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനങ്ങൾ തടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതിയെ വെച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് സസ്പെൻഡ് ചെയ്തത്.
കെടിയു വിസി സിസതോമസിനെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാൻസലർ കൂടിയായ ഗവർണർ സസ്പെൻഡ് ചെയ്തത്. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയെ വിസിയുടെ നടപടി പരിശോധിക്കാൻ മറ്റൊരു സമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം എന്നീ തീരുമാനങ്ങളാണ് തടഞ്ഞത്. വിസിയുടെ എതിർപ്പോടെ കൈക്കൊണ്ട തീരുമാനങ്ങൾ ചട്ടവിരുദ്ധമാണെന്നാണ് ഗവർണറുടെ നിലപാട്. അതേസമയം, ഗവർണറുടെ നടപടി തങ്ങളുടെ വിശദീകരണം തേടാതെയാണെന്ന് സിൻഡിക്കേറ്റ് പ്രതികരിച്ചു.


















