ചെന്നൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈയിലെ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് പതിവ് തെറ്റിച്ചില്ല. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അവർ സ്വന്തം തട്ടകത്തിൽ അതിശക്തമായി തിരിച്ചെത്തി. രണ്ടാം മത്സരത്തിൽ അവർ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ വീഴ്ത്തി. ഈ സീസണിലെ ആദ്യ വിജയവും അവർ സ്വന്തം തട്ടകത്തിൽ കുറിച്ചു. 12 റൺസിനാണ് ചെന്നൈ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെന്ന കൂറ്റൻ ലക്ഷ്യമാണ് മുന്നിൽ വച്ചത്. മറുപടി പറയാനിറങ്ങിയ ലഖ്നൗ തുടക്കത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ചെങ്കിലും പിന്നീട് വിക്കറ്റുകൾ നഷ്ടമായത് അവരെ പിന്നോട്ടടിച്ചു. ലഖ്നൗവിന്റെ പോരാട്ടം നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസിൽ അവസാനിച്ചു.
ആദ്യ കളിയിൽ അർധ സെഞ്ച്വറി നേടി ലഖ്നൗവിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ച ഓപ്പണറും വിൻഡീസ് താരവുമായ കെയ്ൽ മേയേഴ്സ് കൂറ്റനടികളുമായി തുടക്കം മുതൽ കത്തിക്കയറി. തുടർച്ചയായി രണ്ടാം മത്സരത്തിലും താരം അർധ ശതകം നേടി. എന്നാൽ താരം മടങ്ങിയതോടെ ലഖ്നൗവിന്റെ തകർച്ചയും തുടങ്ങി.
22 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം മേയേഴ്സ് 53 റൺസുമായി മടങ്ങി. ക്യാപ്റ്റൻ കെഎൽ രാഹുലുമൊത്തുള്ള ഓപ്പണിങ് സഖ്യത്തിൽ 5.3 ഓവറിൽ 79 റൺസ് ബോർഡിൽ ചേർത്താണ് താരം മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ ആറ് പന്തിൽ രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ രാഹുലും പുറത്തായതോടെ മൂന്നിന് 82 എന്ന നിലയിലായി ലഖ്നൗ. ഹൂഡയ്ക്കു ശേഷമെത്തിയ ക്രുണാൽ പാണ്ഡ്യയും കാര്യമായി ക്രീസിൽ നിന്നില്ല. താരം ഒൻപത് റൺസെടുത്ത് മടങ്ങി.
പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ് (18 പന്തില്‍ 21), നിക്കോളാസ് പുരന്‍ (18 പന്തില്‍ 32), ആയുഷ് ബദോനി (18 പന്തില്‍ 23), കെ ഗൗതം (പുറത്താകാതെ 11 പന്തില്‍ 17), മാര്‍ക് വുഡ് (പുറത്താകാതെ മൂന്ന് പന്തില്‍ 10) എന്നിവര്‍ ശ്രമിച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല. പുരന്‍ മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തി. ചെന്നൈയ്ക്കായി മൊയീൻ അലി നാല് വിക്കറ്റുകൾ വീഴ്ത്തി. തുഷാർ ദേശ്പാണ്ഡെ രണ്ടും മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും വീഴ്ത്തി.

















