കേരളത്തിൽ തീരശോഷണം സംഭവിച്ച പതിമൂന്ന് ബീച്ചുകളില്‍ ആറെണ്ണം തിരുവനന്തപുരം ജില്ലയിൽ

Apr 8, 2023

seena

കേരളത്തില്‍ തീരശോഷണം സംഭവിച്ച പതിമൂന്ന് ബീച്ചുകളില്‍ ആറും തിരുവനന്തപുരം ജില്ലയിലെന്ന് കണ്ടെത്തല്‍. നാഷനല്‍ സെന്റര്‍ ഫോര്‍ സസ്റ്റെയ്‌നബിള്‍ കോസ്റ്റല്‍ മാനേജ്‌മെന്റ് (എന്‍സിഎസ്സിഎം) സംസ്ഥാനങ്ങള്‍ തിരിച്ചു നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കേരളത്തിലെ ഒന്‍പതു ബീച്ചുകളില്‍ തീരം വര്‍ധിക്കുന്നതായും 13 ബീച്ചുകളില്‍ തീരം ഇടിയുന്നതായും കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം വ്യക്തമാക്കി. കേരളം ഉള്‍പ്പെടെ 9 തീരദേശ സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും ബീച്ചുകളില്‍ 1990 മുതല്‍ 2021 വരെയുള്ള കാലയളവാണു പഠനവിധേയമാക്കിയത്.

തൃശൂര്‍ ജില്ലയിലെ ചാവക്കാട് ബീച്ചിലാണ് ഏറ്റവുമധികം പുതിയ തീരം ഉണ്ടായത് 9,13,318 ചതുരശ്ര മീറ്റര്‍. കണ്ണൂര്‍ ജില്ലയിലെ മീങ്കുന്നു ബീച്ചാണു രണ്ടാമത് 5,45,923 ചതുരശ്രമീറ്റര്‍. തീരശോഷണം കാര്യമായി സംഭവിച്ചതു തൃശൂര്‍ ജില്ലയിലെ സ്‌നേഹതീരം ബീച്ചിലാണ് 7,31,778 ചതുരശ്ര മീറ്റര്‍. ആലപ്പുഴ ബീച്ചിലും കോഴിക്കോട് കാപ്പാട് ബീച്ചിലും ചിലയിടങ്ങളില്‍ തീരം വളരുകയും മറ്റു ചിലയിടങ്ങളില്‍ ഇടിയുകയും ചെയ്തുവെന്നാണു കണ്ടെത്തല്‍.

തീരശോഷണം സംഭവിച്ച 13 ബീച്ചുകളില്‍ ആറും തിരുവനന്തപുരം ജില്ലയിലാണ്. കേരളത്തിലെ 22 ബീച്ചുകളിലെ സ്ഥിതിയാണ് എന്‍സിഎസ്‌സിഎം പഠിച്ചത്. രാജ്യസഭയില്‍ സിപിഐയുടെ പി.സന്തോഷ്‌കുമാറിന്റെ ചോദ്യത്തിനാണു കേന്ദ്രമന്ത്രാലയം വിശദാംശങ്ങള്‍ ലഭ്യമാക്കിയത്.

cake tower new
LATEST NEWS