തിരുവനന്തപുരം: പതിമ്മൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന് കള്ളക്കേസെടുത്ത് നാല് കുട്ടികളുടെ അമ്മയായ 37കാരിയെ 27ദിവസം ജയിലിലടച്ചതിന് കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിയ്ക്ക് സാധ്യത. ഡിവൈ.എസ്.പി എസ്.വൈ സുരേഷ്, ഇൻസ്പെക്ടർ ശിവകുമാർ, എസ്.ഐ വിനോദ് എന്നിവർക്കെതിരേ വകുപ്പുതല നടപടിക്ക് മുന്നോടിയായുള്ള അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ഡി.ജി.പി അനിൽകാന്തിന്റെ ശുപാർശ പ്രകാരമാണിത്.

കേരളത്തെ നടക്കുക്കിയ സംഭവത്തിൽ 2020 ഡിസംബറിലാണ് കടയ്ക്കാവൂർ പൊലീസ് കേസെടുത്തത്. കുടുംബ വഴക്കിൻ്റെ പേരിൽ ഭർത്താവ് കെട്ടിച്ചമച്ച പരാതിയാണ് ഇതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് തുടർ നടപടികൾ വേണ്ടെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ അമ്മ അറസ്റ്റലാകുകയും ഏകദേശം ഒരുമാസത്തോളം ജയിലിലടക്കുകയും ചെയ്തിരുന്നു്. അമ്മയെ അറസ്റ്റ് ചെയ്യും മുൻപ് അവരും ഭർത്താവും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളോ കോടതിയിലെ കേസുകളോ കണക്കിലെടുത്തില്ലെന്നാണ് ക്രെെംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
മാത്രമല്ല ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുടെ ഉപദേശം തേടിയില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഐജിയുടെ പ്രത്യേക സംഘം അന്വേഷിച്ചിട്ടും പീഡനത്തിന് തെളിവില്ലാതായതോടെയാണ് ഹൈക്കോടതി അമ്മയ്ക്ക് ജാമ്യം നൽകിയത്. അമ്മയുടെ മൊബൈൽ കണ്ടെത്തി മഹസർ തയ്യാറാക്കിയപ്പോൾ എസ്ഐ വിനോദിന് ജാഗ്രതക്കുറവുണ്ടായെന്നും സിഐ ശിവകുമാറും ഡിവൈഎസ്︋പി സുരേഷും നിയമോപദേശം തേടാതെയും എസ്ഐയ്ക്ക് നിർദ്ദേശം നൽകാതെയും ഗുരുതരവീഴ്ച വരുത്തിയെന്നും ഡിജിപി കണ്ടെത്തുകയായിരുന്നു. എസ്ഐയും കുട്ടിയുടെ പിതാവും തമ്മിൽ 21ദിവസത്തിനിടെ 67തവണ സംസാരിച്ചതായുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു. അതേസമയം മൂന്ന് ഉദ്യോഗസ്ഥരുടെയും സ്വകാര്യഫോൺ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
മനഃശാസ്ത്ര വിദഗ്ദ്ധരുടെയും ഡോക്ടർമാരുടെയും സഹായത്തോടെ, കുട്ടിയുടെ മൊഴി കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഭാര്യയെ കേസിൽ കുടുക്കാൻ കുട്ടിയെക്കൊണ്ട് ഭർത്താവ് കള്ളമൊഴി നൽകിക്കുകയായിരുന്നു എന്നാണ് ക്രെെംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായത്. പിതാവ് മർദ്ദിച്ചാണ് ഇങ്ങനെയൊരു മൊഴി നൽകിച്ചതെന്ന് ഇളയ കുട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ പൊലീസ് കാര്യമായി എടുത്തില്ലെന്നും ക്രെെംബ്രാഞ്ച് അന്വമഷണത്തിൽ കണ്ടെത്തിയിരുന്നു. പതിനേഴും പതിമൂന്നും പതിനൊന്നും വയസുള്ള മൂന്ന് ആൺമക്കളും ആറു വയസുള്ള മകളുമാണ് ഈ അമ്മയ്ക്കുള്ളത്. സ്വന്തം മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മ അറസ്റ്റിലായ ആദ്യത്തെ കേസായിരുന്നു ഇതെന്ന പ്രതൽേകതയും ഈ കേസിനുണ്ട്.
വളരെ നാളുകളായി കുട്ടിയുടെ മാതാപിതാക്കൾ പിണക്കത്തിലായിരുന്നു. അതേസമയം അമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടി. പിതാവ് പുനർവിവാഹിതനായി ഗൾഫിലേക്ക് പോകുകയും ചെയ്തു. വിവാഹ മോചനക്കേസും നടന്നു വരികയായിരുന്നു. അച്ഛനൊപ്പം ഗൾഫിൽ പോയിരുന്ന കുട്ടി തിരികെ വന്ന ശേഷമാണ് അമ്മ പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. അച്ഛനായിരുന്നു കുട്ടിക്ക് പരാതി നൽകാനുള്ള സഹായങ്ങൾ ചെയ്തു നൽകിയതും. മൂന്നു വർഷമായി യുവതിയുമായി അകന്നുകഴിയുന്ന ഭർത്താവ് വീണ്ടും വിവാഹിതനായതറിഞ്ഞ് ജീവനാംശത്തിന് കേസു കൊടുത്തതാണ് കള്ളക്കേസിനിടയാക്കിയതെന്നാണ് ക്രെെംബ്രാഞ്ച് കണ്ടെത്തിയത്.

















