തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ പ്രമുഖ ടിക്ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് താരവും കൂട്ടാളിയും പിടിയിൽ. കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചാവരുകാവിൽ പുതിയതടത്തിൽ വീട്ടിൽ ജിത്തു (22), കിളിമാനൂർ കീഴ്പേരൂർ കാട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്ന വിനീത് (26) എന്നിവരെയാണ് മംഗലപുരം പൊലീസും തിരു: റൂറൽ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ടിക്ടോക്ക്, ഇൻസ്റ്റാഗ്രാം എന്നീ സമൂഹ മാധ്യമങ്ങളിൽ താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും ബലാൽസംഗ കേസിലും പ്രതിയാണ്. കവർച്ചയ്ക്കു ശേഷം സ്കൂട്ടർ ഉപേക്ഷിച്ച് കടന്ന ഇവർ പല സ്ഥലങ്ങളിൽ ലോഡ്ജുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. തൃശൂരിൽ നിന്നാണ് ഡാൻസാഫ് ടീം പ്രതികളെ പിടികൂടിയത്.

മാർച്ച് 23നായിരുന്നു എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ച് കവർച്ച നടന്നത്. ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐ ശാഖയിലടയ്ക്കാൻ പോകവേയാണ് സ്കൂട്ടറിലെത്തിയ രണ്ടുപേർ പണം പിടിച്ചുപറിച്ച് കടന്നു കളഞ്ഞത്.
ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്നവർ മാനേജർ അടുത്തെത്തിയപ്പോൾ കൈയിലെ പണം തട്ടിപ്പറിച്ച് സ്റ്റാർട്ട് ചെയ്തു നിർത്തിയിരുന്ന സ്കൂട്ടറോടിച്ച് അമിത വേഗതയിൽ കടന്നു കളയുകയായിരുന്നു. മാനേജർ പുറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു.സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.
മംഗലപുരം പൊലീസ് നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ രാത്രിയോടെ പോത്തൻകോട് പൂലന്തറയിൽ നിന്നും കണ്ടെടുത്തു. പമ്പിൽനിന്നും സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. നിരവധി സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിളികളും പരിശോധിച്ചാണ് കവർച്ചയ്ക്കു ശേഷം പല സ്ഥലങ്ങളിൽ ലോഡ്ജുകളിൽ മാറി മാറി താമസിക്കുകയായിരുന്ന ഇവരെ മംഗലപുരം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.റ്റി.രാസിത്, ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജയകുമാർ, മംഗലപുരം ഐ.എസ്.എച്ച്.ഒ സിജു.കെ.എൽ.നായർ, സബ്ബ് ഇൻസ്പെക്ടർ ഷാലു, ഡാൻസാഫ് ടീം അംഗങ്ങളായ ഫിറോസ്ഖാൻ, ബിജു, ദിലീപ്, അനൂപ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.

















