തിരുവനന്തപുരം: മീൻ കഴുകിയ വെള്ളം മുറ്റത്തേക്ക് ഒഴിച്ചെന്നു പറഞ്ഞ് പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് മരുമകളെ ക്രൂരമായി മർദിച്ച ഭർതൃപിതാവ് അറസ്റ്റിൽ. പാറശാല ആടുമാൻകാട് മുണ്ടുതോട്ടം കിഴക്കേ പുത്തൻ വീട്ടിൽ രാമചന്ദ്രൻ (75) ആണ് പിടിയിലായത്. രാമചന്ദ്രന്റെ മകൻ സ്റ്റീഫന്റെ ഭാര്യ പ്രേമലതയെ തടി കൊണ്ട് അടിച്ചും ഇടിച്ചും പരുക്കേൽപിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ ആണ് സംഭവം. മർദന ദൃശ്യം മകൻ മൊബൈൽ ഫോണിൽ പകർത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
രാമചന്ദ്രനും ഭാര്യയും മകന്റെ കുടുംബത്തോടൊപ്പമാണ് താമസം. സംഭവസമയത്ത് കെട്ടിട നിർമാണത്തൊഴിലാളിയായ സ്റ്റീഫൻ കൊല്ലത്തെ പണി സ്ഥലത്തായിരുന്നു. മുൻപും പ്രേമലതയെ രാമചന്ദ്രൻ മർദിച്ചതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു.

















