എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Apr 18, 2023

seena

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതിനാൽ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിച്ചേക്കില്ല. അതേസമയം കസ്റ്റഡി കാലാവധി നീട്ടാൻ അന്വേഷണം സംഘം അപേക്ഷ നൽകിയേക്കില്ല. ഷാറൂഖിന് വേണ്ടി ലീ​ഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ പി പീതാംബരൻ കോടതിയിൽ ഹാജരാകും. ഇയാൾക്കായി ജാമ്യാപേക്ഷയും നൽകിയിരുന്നു. ഷാറൂഖിനെ ട്രെയിൻ ബോഗികളുള്ള കണ്ണൂരിലും പെട്രോൾ വാങ്ങിയ ഷൊർണ്ണൂരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ വ്യക്തമാക്കി. ഷാറൂഖ് തന്നെയാണ് ട്രെയിന്‍ തീവയ്പ് നടത്തിയത് എന്നതില്‍ വ്യക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചതായി എഡിജിപി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഷാറൂഖ് സെയ്ഫി അങ്ങേയറ്റം തീവ്രവാദ ചിന്തയുള്ള ആളാണെന്ന് ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ബോധ്യപ്പെട്ടതായി എഡിജിപി പറഞ്ഞു.

സകീര്‍ നായിക്, ഇസ്സാര്‍ അഹമ്മദ് തുടങ്ങിയവരുടെയൊക്കെ വിഡിയോ ഷാറൂഖ് നിരന്തരം കണ്ടിരുന്നതായി ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കുറ്റകൃത്യം ചെയ്യണമെന്നു കരുതി, ആസൂത്രണത്തോടെയാണ് സെയ്ഫി കേരളത്തില്‍ വന്നതെന്നും എഡിജിപി പറഞ്ഞു.

രണ്ടാഴ്ചത്തെ അന്വേഷണം കൊണ്ട് കുറ്റകൃത്യത്തെക്കുറിച്ചും പ്രതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പരമാവധി ശേഖരിക്കാനായി. പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ, ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ പരിശോധന നടക്കുകയാണ്, അതിനു കൂടുതല്‍ സമയം വേണ്ടിവരും. ശാസ്ത്രീയമായാണ് അന്വേഷണം മുന്നോട്ടു പോവുന്നത്. അന്വേഷണത്തെ വഴിതിരിച്ചുവിടുന്നതിന് പ്രതിയില്‍നിന്നു ശ്രമമൊന്നും ഉണ്ടായിട്ടില്ലെന്ന് ചോദ്യത്തിനു മറുപടിയായി എഡിജിപി പറഞ്ഞു.

‘അദ്ദേഹം തീവ്രവാദ ചിന്തയുള്ളയാളാണ്, അത്തരം വിഡിയോകള്‍ കാണുന്ന ശീലമുള്ളയാളാണ്, അദ്ദേഹം വരുന്ന ഏരിയയുടെ പ്രത്യേകത നിങ്ങള്‍ക്കറിയാം. ഇത്തരത്തിലൊരു ആക്ഷന്‍ ചെയ്യണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് അദ്ദേഹം വന്നത്, അതാണ് ചെയ്തതും.’- ആക്രമണത്തിന്റെ ഉദ്ദേശ്യം എന്തെന്ന ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് എഡിജിപി പറഞ്ഞു.

ഇരുപത്തിയേഴു വയസുകാരനായ ഷാറൂഖ് സെയ്ഫി നാഷണല്‍ ഓപ്പണ്‍ സ്‌കൂളില്‍ പഠിച്ചയാളാണ്. പ്ലസ് ടുവാണ് വിദ്യാഭ്യാസം. ആദ്യമായാണ് സെയ്ഫി കേരളത്തില്‍ വരുന്നതെന്നും എഡിജിപി പറഞ്ഞു

cake tower new
LATEST NEWS