കോഴിക്കോട്: നടന് മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ.
പള്ളിക്കണ്ടിയെന്നാൽ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി. എണ്ണം തടികളളക്കുന്നതിൽ മിടുക്കനായി. കെടി മുഹമ്മദും വാസുപ്രദിപും മറ്റും മലബാറിന്റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയായിരുന്നു. 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു.
ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിന്റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ലഭിച്ചു.
കോഴിക്കോടൻ നാടകവേദിയിലുടെയാണ് സിനിമയിൽ എത്തിയത്. നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെഭൂമി’ ആദ്യചിത്രം. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്ണിലാണ് അവസാനം അഭിനയിച്ചത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയാണ് ശ്രദ്ധിക്കപ്പെട്ട ആദ്യവേഷം.
സന്ദേശത്തിലെ കെ ജി പൊതുവാളായുള്ള ‘നാരിയൽ കാ പാനി’പ്രയോഗവും നാടോടിക്കാറ്റിലെ ‘ഗഫൂർ കാ ദോസ്തും’ ആസ്വാദക പ്രീതിയാർജിച്ചു. തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേൽപ് എന്നിവയിലും ശ്രദ്ധേയ വേഷങ്ങൾ. ‘പെരുമഴക്കാല’ത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. അബുദാബി കലാരത്നം പുരസ്കാരമടക്കം ബഹുമതികളും നേടി കോഴിക്കോട് എം എം ഹൈസ്കൂൾ വിദ്യാർഥിയായിരിക്കവെ നാടകത്തിൽ സജീവമായി മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട് പള്ളിക്കണ്ടിയിലാണ് ജനനം.
ഭാര്യ: സുഹ്റ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.

















