തിരുവനന്തപുരം: നിത്യ ഹരിത നായകൻ പദ്മ വിഭൂഷൻ പ്രേംനസീറിന്റെ സ്മരണാർത്ഥം പ്രേംനസീർ സുഹൃത് സമിതി ഏർപെടുത്തിയ പ്രേം നസീർ മാധ്യമ പുരസ്‌കാരം രാഷ്ട്രദീപിക തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ എം. സുരേഷ് ബാബുവിന് ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള സമ്മാനിച്ചു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സോനാറ്റ ഹാളിൽ നടന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു അദ്യക്ഷത വഹിച്ചു. വി. കെ. പ്രശാന്ത് എം എൽ എ പ്രശസ്തി പത്രം സമ്മാനിച്ചു. യോഗത്തിൽ ബി ജെ പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, കലാപ്രേമി ബഷീർ, ഉദയ സമുദ്രഗ്രൂപ്പ് ചെയർമാൻ രാജശേഖരൻ നായർ, ജൂറി ചെയർമാൻ ഡോ. എം. ആർ. തമ്പാൻ, ജമീൽ യൂസഫ്, സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പനച്ച മൂട് ഷാജഹാൻ എന്നിവർ സംസാരിച്ചു.
കോവിഡ് കാലത്ത് ദുരിതത്തിലായ സംസ്ഥാനത്തെ രണ്ട് ലക്ഷത്തിൽ പരം വരുന്ന സ്റ്റേജ് കലാകാരന്മാരുടെ ജീവിത ദുരിതങ്ങൾ രാഷ്ട്ര ദീപികയിൽ ആധി പൂക്കുന്ന വേദികൾ എന്ന പേരിൽ പരമ്പരയായി പ്രസീദ്ധീകരിച്ചിരുന്നു. ഈ പരമ്പരയ്ക്കാണ് ഏറ്റവും മികച്ച ഫീച്ചർ റിപ്പോർട്ടർക്കുള്ള സംസ്ഥാന മാധ്യമ പുരസ്‌കാരത്തിനു സുരേഷ് ബാബുവിനെ അർഹനാക്കിയത്. ഡോ. എം. ആർ. തമ്പാൻ ജൂറി ചെയർമാനും ഡോ. സുലേഖ കുറുപ്പ്, ഡോ. കായം കുളം യൂനസ്, റിട്ട. ജയിൽ ഡിഐ ജി. സന്തോഷ്, പനച്ച മൂട് ഷാജഹാൻ എന്നിവർ അംഗങ്ങൾ ആയിട്ടുള്ള ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ആധി പൂക്കുന്ന വേദികൾ എന്ന പരമ്പരയ്ക്ക് സുരേഷ്ബാബുവിന് ലഭിക്കുന്ന മൂന്നാമത്തെ സംസ്ഥാന പുരസ്കാരമാണിത്. ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്മാൾ ആന്റ് മീഡിയം ന്യൂസ് പേപ്പേഴ്സ്ന്റെ പൂവച്ചൽ സദാശിവൻ സ്മാരക മാധ്യമ പുരസ്കാരവും ഭാരത രത്നം ഡോ. കെ. കാമരാജ് സാംസ്‌കാരിക സമിതി ഏർപെടുത്തിയ കാമരാജ് സ്മാരക മാധ്യമ പുരസ്കാരവും നേരത്തെ ലഭിച്ചിരുന്നു. അനശ്വര നടൻ പ്രേം നസീറിന്റെ ജന്മനാടായ ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശിയാണ്.

















