ട്രാൻസ്‌മെന്നും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥിന്റെ മരണത്തിൽ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി സഹയാത്രിക കൂട്ടായ്മ. റിഷാനയിൽ നിന്നും പ്രവീൺ നേരിട്ടത് ക്രൂരമായ പീഡനമെന്നാണ് ആരോപണം. മരിക്കുന്നതിനു മുൻപ് പ്രവീൺ വളരെ ദുർബലമായ മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോയിരുന്നതെന്നും പ്രവീണിന്റെ കുടുംബത്തോടൊപ്പം സഹയാത്രികയും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഫേയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
“ഏപ്രിൽ രണ്ടിന് റിഷാന അയ്‌ഷു കസേര കൊണ്ട് പ്രവീണിന്റെ തലക്ക് അടിച്ചു, തുടർന്ന് തലയ്ക്ക് രണ്ടു സ്റ്റിച്ചും കൂടാതെ കൈക്ക് സാരമായ പരിക്കും സംഭവിച്ചിരുന്നു. സുഹൃത്തുക്കൾ ചേർന്ന് തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടറോട് അപകടം സംഭാവിച്ചതാണ് എന്നാണു പ്രവീൺ പറഞ്ഞത്. പിന്നീട് ഏപ്രിൽ 10നു റിഷാന, പ്രവീണിനെ അടിവയറ്റിൽ ചവിട്ടുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി.
വൈകിട്ട് സഹയാത്രിക ടീമിനെ വിവരം അറിയിയ്കുകയും പ്രവീണിനെ ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിയ്ക്കുകയും ചെയ്തു. ആവശ്യമായ ചികിത്സ നേടിയ പ്രവീൺ ഏപ്രിൽ 10നും ഏപ്രിൽ 2നും തനിയ്ക്കു സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് ഡോക്ടറോട് വിശദീകരിക്കുകയും അവയെല്ലാം രേഖപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് ബന്ധപെട്ടപ്പോൾ പ്രവീൺ റിഷാനക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്താൻ വിസമ്മതിച്ചു. ശേഷം, ഏപ്രിൽ 20നു രാത്രി പ്രവീണിന് റിഷാനയിൽ നിന്നും വീണ്ടും പല തരത്തിൽ ഉള്ള ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നു.
കത്തികൊണ്ട് മുറിപ്പെടുത്തൽ, ശ്വാസം മുട്ടിക്കാൻ ശ്രമിക്കൽ, ബന്ധനസ്ഥനാക്കൽ, ലൈംഗിക പീഡനം, ഒരു ട്രാൻസ്മാൻ എന്ന രീതിയിൽ അപമാനിക്കുന്ന വീഡിയോ എടുത്തു അത് സാമൂഹ്യ മാധ്യമത്തിൽ പങ്കിടുമെന്ന് ഭീഷണി നേരിടുക എന്നിങ്ങനെ പലതും അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നു. സഹയാത്രിക ഏപ്രിൽ 21നാണ് ഈ വിവരങ്ങൾ മനസിലാക്കുന്നത്. തുടർന്ന് ഏപ്രിൽ 22നു തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവീണിനെ എത്തിച്ചു. പ്രവീൺ പലരോടും തൻറെ പങ്കാളിയിൽ നിന്നുള്ള മോശം അനുഭവങ്ങൾ പങ്കുവച്ചിരുന്നു എങ്കിലും, റിഷാന തന്നോടുള്ള സ്നേഹം കൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്ന് പ്രവീൺ പലപ്പോഴും വിശ്വസിച്ചിരുന്നു. ഈ ബന്ധം തുടരണം എന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതായും പറയുന്നു.

















