തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 133 കേസുകൾ രജിസ്റ്റർ ചെയ്തു. 449 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡിൽ ഐടി ജീവനക്കാരടക്കം എട്ട് പേർ പിടിയിലായി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ അടങ്ങിയ 212 ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്തു.
അഞ്ച് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്ത ഉപകരണങ്ങളിലുള്ളത്. പിടിയിലായവർക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കർശന നടപടിയുണ്ടാകുമെന്നും സൈബർ ഡോം മേധാവി ഐജി: പി പ്രകാശ് അറിയിച്ചു.
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ക്ക് വിരിച്ച വലയാണ് പി ഹണ്ട്. അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ അത് സൈബര്‍ ഇടത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കോ അതിവേഗം കുരുക്ക് മുറുകും. പൊലീസ് ഇത്തരക്കാരെ നിരീക്ഷിച്ച് എവിടെയാണെങ്കിലും കയ്യോടെ പിടികൂടുന്ന തരത്തിലാണ് പി ഹണ്ടിന്റെ ഒരോഘട്ടവും പുരോഗമിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്ത് നിരവധി പേർ നിരീക്ഷണത്തിലാണ്. സൈബർഡോമും ഇന്റർപോളുമാണ് ഇവരെ നിരീക്ഷിക്കുന്നത്.

















