കൈക്കൂലിക്കേസ്; വില്ലേജ് അസിസ്റ്റന്‍റ് റിമാൻഡിൽ

May 24, 2023

seena

പാലക്കാട്: പാലക്കയത്തെ കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ 6 വരെ റിമാൻഡ് ചെയ്തു. ഇയാളെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി. സുരേഷിനെതിരായ വകുപ്പുതല നടപടിയിലും ഉടൻ തീരുമാനമുണ്ടാകും. കേസുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് തഹസീൽദാർ പാലക്കാട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മൂന്ന് വർഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫീസിൽ ഇയാൾ എത്തുന്നത്.

കൈക്കൂലി കണക്ക് പറഞ്ഞ് വാങ്ങിയിരുന്ന ഇയാൾ പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും എന്നാണ് നാട്ടുകാര്‍ പറയുന്നത്. സർവ്വേ പൂർത്തിയാക്കാത്ത പ്രദേശമായതിനാൽ പ്രദേശവാസികൾക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് ഇയാള്‍ കൈപ്പറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു. എന്നാൽ സുരേഷ് കുമാർ കൈക്കൂലിക്കാരൻ ആണെന്ന് അറിയില്ലായിരുന്നുവെന്നാണ് പാലക്കയം വില്ലേജ് ഓഫീസർ പറയുന്നത്.

ഇയാൾ താമസിച്ചിരുന്ന മണ്ണാർക്കാടെ ലോഡ്ജ് മുറിയിൽ പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേനകൾ എന്നിവയും കണ്ടത്തിയിരുന്നു. കൈക്കൂലിയായി പൈസ മാത്രമല്ല എന്ത് കിട്ടിയാലും ഇയാൾ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസിൻ്റെ നിഗമനം. ഒരു മാസമായി ഇയാൾ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.

മുമ്പ് ജോലിയെടുത്തിരുന്ന ഓഫീസുകളിലും ഇയാൾ വ്യാപകമായി ക്രമക്കേട് നടത്തിയിരുന്നെങ്കിലും വിജിലൻസിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമാണ്. ഇയാൾക്ക് സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴിയുണ്ട്. സുരേഷ് കുമാറിൻ്റെ മുറിയിൽ നിന് കണ്ടെത്തിയ നാണയത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തി. ആകെ 9000 രൂപയുടെ നാണയത്തുട്ടുകളാണുള്ളത്. മുറിയിൽ നിന്ന് ആകെ 35,70,000 രൂപയാണ് കണ്ടെത്തിയത്.

cake tower new
LATEST NEWS
‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

കൊച്ചി: വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ കൊച്ചിയിൽ മോശം കാലാവസ്ഥയാണെന്ന് കാണിച്ച്...