മെയ് 26 മുതൽ 30 വരെ ചെന്നൈയിലെ ഇ വി പി ഫിലിം സിറ്റിയിൽ വെച്ച് നടന്ന നാഷണൽ മൊയ് തായ് ചാമ്പ്യൻഷിപ്പിൽ പ്രൊഫിഷ്യന്റ് അക്കാഡമിയിലെ യോദ്ധാക്കൾ ഉജ്ജ്വലവിജയം നേടി. 3 സ്വർണ്ണവും ഒരു വെള്ളിയും 2 വെങ്കലവുമടക്കം 6 ദേശീയ മെഡലുകളാണ് കേരളത്തിന് വേണ്ടി പ്രൊഫിഷ്യന്റ് അക്കാഡമിയിലെ താരങ്ങൾ വാരിക്കൂട്ടിയത്.
പാലക്കാട് നിന്ന് പ്രമിത എം സീനിയർ വനിതാ വിഭാഗത്തിൽ ഒരു സ്വർണ്ണവും ഒരു വെങ്കലവും, ശ്രീജിത്ത് എച്ച് ഒരു സ്വർണ്ണവും നേടി. തിരുവനന്തപുരത്ത് നിന്ന് വൈശാഖ് ആർ എസ് ഒരു സ്വർണ്ണവും ഒരു വെങ്കലവും, നിതീഷ്‌കുമാർ ഒരു വെള്ളിയും നേടി.
മൊയ് തായ്, കിക്ക്ബോക്സിങ്, കരാട്ടെ തുടങ്ങിയ ആയോധനകലകളുടെ കേരളത്തിലെ പരിശീലകർ കൂടിയായ ഈ ജേതാക്കളെ മൊയ് തായ് സൗത്ത് ഇന്ത്യൻ ചീഫ് ബിനു ജോസഫ് പ്രത്യേകം അഭിനന്ദിച്ചു. പ്രൊഫിഷ്യന്റ് അക്കാഡമി ചീഫ് കോച്ച് കൂടിയായ വൈശാഖിനെ മൊയ് തായ് നാഷണൽ പ്രസിഡന്റ് പ്രസേൻജിത് സിംഗ വേദിയിൽ ആദരിച്ചു.
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകൃത സ്പോർട് ഇനം കൂടിയാണ് മൊയ് തായ്. അടുത്ത ലോക മൊയ് തായ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു വേണ്ടി മെഡൽ നേടാനുള്ള പരിശ്രമത്തിലാണ് പ്രൊഫിഷ്യന്റ് അക്കാഡമിയിലെ താരങ്ങൾ.



















