തിരുവനന്തപുരം: പനിക്കേസുകൾ പതിനായിരം കടക്കുന്ന കേരളത്തിന് വെല്ലുവിളിയായി എലിപ്പനിയും ഡെങ്കിപ്പനിയും. പ്രതിദിന കണക്കുകളിൽ മുഴുവൻ ജില്ലകളിലും ഡെങ്കിപ്പനി കേസുകളുണ്ട്. ഈ വർഷത്തെ എലിപ്പനി മരണം ഇതിനോടകം 25 കടന്നു. പകർച്ചപ്പനിയിൽ ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണവും ഉയരുകയാണ്.
10,060 പരാണ് കഴിഞ്ഞ ദിവസം പനി പിടിച്ച് കേരളത്തിലെ ആശുപത്രികളിലെ ഒപികളിൽ എത്തിയത്. 212 പേർക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു. മഴയെത്തുമ്പഴേക്കും, ഇല്ലാത്ത രോഗങ്ങളില്ലെന്ന് പറയാം. സാധാരണ പനി പതിനായിരത്തിന് മുകളിലേറെ പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. പുറമെ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, എലിപ്പനി, ഡെങ്കിപ്പനിയും പടരുകയാണ്. 63 പേർക്കാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 6 പേര് മരിച്ചു.

















