വര്‍ക്കല: കരാട്ടെയില്‍ വര്‍ക്കലയുടെ പെണ്‍കരുത്തായ അമൃതാ വിജയന്‍ 2023-ല്‍ ചൈനയില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ കരാട്ടെ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സിലേക്ക്. ഡല്‍ഹിയില്‍ 19, 20 തീയതികളില്‍ നടക്കുന്ന വനിതാ പുരുഷവിഭാഗം ഇന്ത്യന്‍ കരാട്ടെ ടീമിനെ തിരഞ്ഞെടുക്കുന്ന ട്രയല്‍സിലാണ് വര്‍ക്കല ഗോജുറിയു കരാട്ടെ സ്‌കൂളിലെ അമൃതാ വിജയന് ക്ഷണം ലഭിച്ചിരിക്കുന്നത്. 2018-ല്‍ ദേശീയ കരാട്ടെ ഫെഡറേഷനായിരുന്ന കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയതലത്തില്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. ജപ്പാനില്‍ നടന്ന ഏഷ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിരുന്നു.
ഈവര്‍ഷം ഛത്തീസ്ഗഡില്‍ നടന്ന ഓള്‍ ഇന്ത്യ അന്തര്‍ സര്‍വകലാശാലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പൂള്‍ ചാമ്പ്യനായി. ഈ വര്‍ഷം ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സെലക്ഷന്‍ നേടിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഓള്‍ ഇന്ത്യ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ടീമിനത്തില്‍ സ്വര്‍ണവും വ്യക്തിഗത വെങ്കല്‍ മെഡലും നേടിയാണ് പുതിയ നേട്ടത്തിലേക്കുള്ള ട്രയല്‍സിലേക്ക് പോകുന്നത്. വര്‍ക്കല ശിവഗിരി എസ്.എന്‍. കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി. കെമിസ്ട്രി വിദ്യാര്‍ഥിനിയാണ്. കരാട്ടെ പരിശീലകനും വര്‍ക്കല ഗോജുറിയു കരാട്ടെ സ്‌കൂള്‍ ഡയറക്ടറുമായ സെന്‍സായ് എസ്.വിജയന്റെ മൂത്തമകളാണ്.

















