കൊല്ലം: ചാത്തന്നൂർ കെഎസ്‌ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 14 കിലോ കഞ്ചാവുമായി മൂന്നുപേർ എക്‌സൈസ് പിടിയിൽ. കൊല്ലം ചിന്നക്കടയിൽ ചിന്നക്കട ഉണ്ണി എന്നറിയപ്പെടുന്ന അനിൽകുമാർ (57), നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽനിന്ന് കൊല്ലം ആണ്ടാമുക്കം അഖിൽ ഭവനത്തിൽ താമസിക്കുന്ന സുരേഷ് (52), കൊല്ലം പട്ടത്താനം അഖിലേഷ് നിവാസിൽ ദർശന നഗർ -182ൽ സുനു എന്ന ആകാംശ് (41) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പാരിപ്പള്ളിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. ആന്ധ്രപ്രദേശിൽനിന്ന് കഞ്ചാവ് വാങ്ങി ചെന്നൈ വഴി തിരുവനന്തപുരത്ത് എത്തിയസംഘം സൂപ്പർഫാസ്റ്റ് ബസിൽ കൊല്ലത്തേക്ക് വരുന്നവഴിയാണ് പാരിപ്പള്ളിയിൽ പിടിയിലായത്. ഷോൾഡർ ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ, സുരേഷ് എന്നിവർ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്. അനിൽകുമാർ കൊല്ലത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയാണ്.
ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പാരിപ്പള്ളിയിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്. ആന്ധ്രയിൽനിന്ന് കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 15,000 രൂപയ്ക്കാണ് വിൽക്കുന്നത്.
പ്രതികളുടെ അന്തർസംസ്ഥാന ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമീഷണർ വി റോബർട്ട് പറഞ്ഞു. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസ്, എക്സൈസ് ഇൻസ്‌പെക്ടർ ബി വിഷ്ണു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം മനോജ് ലാൽ, പ്രിവന്റീവ് ഓഫീസർ പ്രസാദ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, അജിത്ത്, നിധിൻ, ജൂലിയൻ ക്രൂസ്, അജീഷ്ബാബു, അനീഷ്, സൂരജ്, ഗോപകുമാർ, എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ജില്ലയിൽ എക്‌സൈസ് ഈ മാസം വിവിധ കേസുകളിൽ 22 കിലോ കഞ്ചാവ്, ഏഴ് ഗ്രാം എംഡിഎംഎ, രണ്ട് കഞ്ചാവുചെടികൾ, നൈട്രൊസെപാം ഗുളികകളും രണ്ടു കാറും ഒരു സ്‌കൂട്ടറും പിടിച്ചെടുത്തു. 14 പേർ അറസ്റ്റിലായി.

















