കൊച്ചി: എറണാകുളം മരടിലെ ഫ്ളാറ്റിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ. ബ്ലൂക്ലൗഡ് ഫ്ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരവേലിൽ അച്ചാമ്മ ഏബ്രഹാമിനെ (77) മകൻ വിനോദ് (52) കൊലപ്പെടുത്തുകയായിരുന്നു. മണിക്കൂറുകളോളം അച്ചാമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടതിനു ശേഷമാണ് കൊലപാതകം നടത്തിയത്.
രാവിലെ മുതൽ മകൻ തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയൽവാസിയെ അച്ചാമ്മ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. അയൽവാസി ഡിവിഷൻ കൗൺസിലറെ സംഭവം അറിയിച്ചു. കൗൺസിലർ വിളിച്ചു പറഞ്ഞതു പ്രകാരം മരട് പൊലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു കയറാനായില്ല. ഇവിടെ പ്രശ്നം ഒന്നുമില്ലെന്ന് വിനോദ് പറഞ്ഞതു വിശ്വസിച്ച് പൊലീസ് മടങ്ങുകയായിരുന്നു.
വൈകിട്ടായതോടെ വീടിനുള്ളിൽ നിന്നു കരച്ചിലും സാധനങ്ങൾ തല്ലിത്തകർക്കുന്നതുമായ ശബ്ദം കേൾക്കാൻ തുടങ്ങി. തുടർന്ന് കൗൺസിലർ അറിയിച്ചതനുസരിച്ച് പൊലീസ് വീണ്ടുമെത്തിയെങ്കിലും വീട് തുറക്കാനായില്ല. വീട് തുറക്കണമെങ്കിൽ രേഖാമൂലം എഴുതിത്തരണമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഉടൻ കത്തു നൽകി. എന്നിട്ടും തുറക്കാൻ പറ്റാതിരുന്നതോടെ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
വ്യാഴാഴ്ച രാത്രി എട്ടോടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് അരുംകൊല അറിഞ്ഞത്. കത്തി വീശി അക്രമാസക്തനായിരുന്ന വിനോദിനെ ഏറെ പണിപ്പെട്ടാണ് പൊലീസ് കീഴ്പ്പെടുത്തിയത്. അകത്തെ മുറിയിൽ വെട്ടേറ്റു മരിച്ച നിലയിലായിരുന്നു അച്ചാമ്മ. മുഖത്തും രഹസ്യഭാഗങ്ങളിലും മാരകമായി വെട്ടേറ്റു.


















