ആറ്റിങ്ങല്‍: ലഹരിക്കച്ചവടക്കാര്‍ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികൾ ഉടൻ പിടിയിലാകുമെന്നു പോലീസ് പറയുന്നു. ലഹരിക്കച്ചവട സംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

മങ്കാട്ടുമൂല സ്വദേശികളായ വിനീത് (കുരിയന്‍), പ്രണവ് (കുമ്പിടി), കോടാലിക്കോണം സ്വദേശികളായ ശ്രീജിത്ത് (ജിത്തു), വിജിത്ത് എന്നിവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ബുധനാഴ്ച രാത്രിയിലാണ് വക്കം സ്വദേശി ശ്രീജിത്ത് (അപ്പു-25) അടിയേറ്റ് മരിച്ചത്. പ്രധാനപ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീകളുള്‍പ്പെടെ നിരവധിപ്പേരെ പോലീസ് ചോദ്യംചെയ്തുവരികയാണ്. പ്രതികളുടെയും സഹായികളുടെയുമെല്ലാം മൊബൈല്‍ഫോണ്‍ വിളികളും ഇടപാടുകളുമെല്ലാം നിരീക്ഷിച്ച് വരികയാണ്.

















