കോട്ടയം: പാലാ രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനന്യ (13), അമേയ (10), അനാമിക (ഏഴ്) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ അനാമികയുടെ നില ഗുരുതരമാണ്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് ശേഷം മൂന്ന് കുട്ടികളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്. പ്രകോപനത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.


















