കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളിയിൽ ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് ശതമാനം നാൽപ്പത് ശതമാനം കടന്നു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തിൽ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ
90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴുമണിക്ക് തന്നേ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നിര കാണാമായിരുന്നു. രാവിലെ തന്നെ സ്ഥാനാത്ഥികളായ ചാണ്ടി ഉമ്മനും ജെയ്ക്ക് സി തോമസും ലിജിൻ ലാലും മണ്ഡലങ്ങളിൽ നിറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്കൂൾ ബൂത്തിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്കൂൾ ബൂത്തിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കൂടുതൽ ബൂത്തുകൾ ഉള്ള അയർകുന്നത്തും വാകത്താനത്തും മിക്കയിടത്തും നല്ല തിരക്കുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം എന്ന പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടക്കും എന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
പുതുപ്പള്ളിയിൽ ഇടതിന് തികഞ്ഞ പ്രതീക്ഷയെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിയിൽ ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകുമെന്നും ജെയ്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസന സംവാദത്തിൽ നിന്നും യുഡിഎഫ് ഒളിച്ചോടിയെന്നും ജെയ്ക് വിമർശനമുന്നയിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പ് എണ്ണിപ്പറഞ്ഞാണ് വോട്ടെടുപ്പ് ദിനത്തിലും ജെയ്ക് മാധ്യമങ്ങളോട് സംസാരിച്ചത്. പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാൻ വേണ്ടിയിട്ടുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിനമെന്നാണ് വോട്ടെടുപ്പ് ദിനത്തെ ഇടത് സ്ഥാനാർത്ഥി വിശേഷിപ്പിച്ചത്.


















