മലപ്പുറം: സംരക്ഷിത മത്സ്യത്തെ വേട്ടയാടിയ സംഭവത്തിൽ ആറംഗ സംഘം അറസ്റ്റിൽ. നിലമ്പൂരിലെ റിസർവ് വനത്തിനുള്ളിലെ പുഴയിൽ മത്സ്യബന്ധനം നടത്തിയ സംഘമാണ് അറസ്റ്റിലായത്. ഇവർ റെഡ്ഫിൻ മത്സ്യത്തെ ഷോക്ക് അടിപ്പിച്ച് പിടിക്കുകയായിരുന്നു. സംഭവത്തിൽ എട്ട് കിലോയോളം മത്സ്യവും ഷോക്ക് അടിപ്പിക്കുന്നതിനായി ഉപയോഗിച്ച ഉപകരണവും വനം വകുപ്പ് കണ്ടെത്തി.
നെടുങ്കയം സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട ന്യൂ അമരമ്പലം റിസർവ് വനത്തിൽ നിന്നാണ് പ്രത്യേക സംരക്ഷണയിലുള്ള മത്സ്യങ്ങളെ പിടികൂടി കടത്താൻ ശ്രമിച്ചത്. ഇൻവർട്ടർ, ബാറ്ററി, അനുബന്ധ ഉപകരണങ്ങൾ, മത്സ്യം എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തു. കവള മുക്കട്ട പാട്ടക്കരിമ്പ് സ്വദേശികളായ പുല്ലാര അബു, പാറത്തൊടിക വാഹിദ്, പാറത്തൊടിക മുഹ്സിൻ, തെക്കേതൊടിക സലീം, വെള്ളിയത്ത് ഹംസ, കണ്ണങ്ങാടൻ റോഷൻ എന്നിവരെയാണ് നെടുങ്കയം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.എൻ. രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


















