തിരുവനന്തപുരം: ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങളുടെ രാജ്യാന്തര ഇടപെടൽ ഇസ്രയേൽ – ഫലസ്തീൻ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ കാരണമാകണമെന്ന് വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. അധിനിവേശത്തോട് സമരസപ്പെടുന്ന രീതി ഒരിക്കലും ശരിയല്ല. യുദ്ധ നിയമങ്ങളുടെ സകലമാന സീമകളും ലംഘിച്ച് സത്രീകളെയും കുട്ടിളെയും കൊന്നൊടുക്കുന്നു.
ഒരു സമൂഹത്തെയാകമാനം ഉന്മൂലനം ചെയ്യുന്ന ഈ കിരാത നടപടി കയ്യുംകെട്ടി നോക്കിനിൽക്കാൻ നീതി ബോധമുള്ള ഒരു സമൂഹത്തിനാകില്ല. ഒരു നൂറ്റാണ്ട് കാലമായി പിറന്ന നാടിന്ന് വേണ്ടി സമരം ചെയ്യുന്ന ഒരു സമൂഹത്തോടൊപ്പം നിൽകുന്നതിന് പകരം വേട്ടക്കാരോടൊപ്പം ചേർന്ന് നിൽക്കുന്ന നിലപാട് ഒരിക്കലും നീതീകരിക്കാനാവില്ല. ഇസ്രയേൽ അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീൻ എന്ന രാഷ്ട്രത്തിന്റെ അതിരുകൾ നിർണയിച്ച് പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമത്തിനാണ് ലോക രാഷ്ട്രങ്ങൾ മുൻതൂക്കം നൽകേണ്ടതെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
നവംബർ 11,12 തീയതികളിൽ അങ്കമാലി ആഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ‘പ്രൊഫേസ് ‘ പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ കൗൺസിൽ യോഗം വിസ്‌ഡം യൂത്ത് സംസ്ഥാന പ്രൊഫഷണൽ വിംഗ് കൺവീനർ യൂനുസ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി, സംസ്ഥാന സമിതിയംഗങ്ങളായ അൻവർ കലൂർ, താഹ പാലാംകോണം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി നസീം അഴിക്കോട് സ്വാഗതവും ജില്ലാ ട്രഷറർ ഷാൻ സലഫി നന്ദിയും പറഞ്ഞു.

















